സെർജിയോ ബുസ്ക്കെറ്റ്സിന്റെ സ്ഥാനത്തേക്ക് അർജന്റൈൻ താരത്തെ നോട്ടമിട്ട് സാവി.

ഈ സീസണിന് ശേഷം എഫ്സി ബാഴ്സലോണയിൽ ഉണ്ടാവില്ല എന്ന കാര്യം അവരുടെ ഇതിഹാസതാരമായ സെർജിയോ ബുസ്ക്കെറ്റ്സ് പ്രഖ്യാപിച്ചിരുന്നു.ഒരുപാട് കാലം ബാഴ്സയുടെ കുന്തമുനയായി പ്രവർത്തിച്ചതിനുശേഷമാണ് ബുസ്ക്കെറ്റ്സ് ബാഴ്സയോട് വിട ചൊല്ലുന്നത്.ഫ്രീ ഏജന്റാവുന്ന താരം അടുത്ത സീസണിൽ ഏത് ക്ലബ്ബിൽ കളിക്കും എന്നുള്ളത് അറിവായിട്ടില്ല.

അതേസമയം ബുസ്ക്കെറ്റ്സ് ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചതോടെ ഡിഫൻസീവ് മിഡ്ഫീൽഡർ പൊസിഷനിലേക്ക് ബാഴ്സക്ക് ഒരു താരത്തെ ആവശ്യമുണ്ട്.ബാഴ്സയുടെ പരിശീലകനായ സാവി ഒരുപാട് ഓപ്ഷനുകൾ പരിഗണിക്കുന്നുണ്ട്.അതിലൊരു താരം അർജന്റൈൻ സൂപ്പർതാരമായ ഗൈഡോ റോഡ്രിഗസാണ്.സ്പാനിഷ് ജേണലിസ്റ്റായ ജെറാർഡ് റൊമേറോ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

29കാരനായ ഈ മധ്യനിര താരം സ്പാനിഷ് ക്ലബ്ബായ റയൽ ബെറ്റിസിന് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.2020 മുതലാണ് അദ്ദേഹം ക്ലബ്ബിന്റെ ഭാഗമാവുന്നത്.തുടർന്ന് സ്ഥിരമായി സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം നേടാൻ ഈ അർജന്റൈൻ സൂപ്പർ താരത്തിന് കഴിഞ്ഞു.മാത്രമല്ല കഴിഞ്ഞ സീസണിൽ റയൽ ബെറ്റിസിനൊപ്പം കോപ ഡെൽ റേ കിരീടം ഈ താരം നേടുകയും ചെയ്തിരുന്നു.

ലാലിഗയിൽ കളിച്ചു പരിചയമുള്ളതിനാൽ ഗൈഡോയെ എത്തിച്ചാൽ അത് ഗുണകരമാകും എന്നാണ് സാവി വിശ്വസിക്കുന്നത്.എന്നാൽ ഇദ്ദേഹത്തെ മാത്രമല്ല ഇപ്പോൾ പരിഗണിക്കുന്നത്.ബയേണിന്റെ ജോഷുവാ കിമ്മിച്ചിന് ബാഴ്സ വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്.കൂടാതെ സുബിമെന്റി,സോഫിയാൻ അമ്രബാത്ത്,റൂബൻ നെവസ് എന്നിവരെയൊക്കെ ബാഴ്സ വളരെ ഗൗരവത്തിൽ തന്നെ പരിഗണിക്കുന്നുണ്ട്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഈ താരങ്ങളിൽ ഒരാളെ സാവി സ്വന്തമാക്കിയേക്കും.

എന്നാൽ വലിയ സാലറി ഒന്നും താരങ്ങൾക്ക് ക്ലബ്ബ് വാഗ്ദാനം ചെയ്തേക്കില്ല. എന്തെന്നാൽ ലയണൽ മെസ്സിയെ തിരികെ എത്തിക്കണമെങ്കിൽ ബാഴ്സയ്ക്ക് സാലറി ബില്ലിൽ അഡ്ജസ്റ്റ്മെന്റുകൾ വരുത്തേണ്ടതുണ്ട്.നിലവിൽ ഫ്രാങ്ക് കെസ്സിയെ ബാഴ്സക്ക് മധ്യനിരയിൽ ലഭ്യമാണ്.എന്നിരുന്നാലും ബുസ്ക്കെറ്റ്സിന്റെ അഭാവം നികത്തുന്ന മികച്ച ഒരു ഡിഫൻസീവ് മിഡ്ഫീൽഡറെ ക്ലബ്ബിന് ആവശ്യവുമാണ്.