മെസ്സി സൗദിയിലേക്ക് പോകാൻ അനുവാദം വാങ്ങിയിരുന്നു, പക്ഷേ അവസാനനിമിഷം വാക്ക് മാറ്റി പി എസ് ജി
ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് സന്ദർശനം നടത്തിയ ലയണൽ മെസിയെ പിഎസ്ജി സസ്പെൻഡ് ചെയ്തുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സൗദി അറേബ്യയുടെ ടൂറിസം അംബാസിഡർ എന്ന നിലയിലാണ് മെസി രാജ്യം സന്ദർശിച്ചത്. എന്നാൽ ലോറിയന്റിനെതിരായ മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെ നടത്തിയ സന്ദർശനം മെസിയെ കൂടുതൽ കുരുക്കിലേക്ക് നയിച്ചിരിക്കുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം മെസിയെ സസ്പെൻഡ് ചെയ്തെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗികമായ പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. അത് വരുന്നതോടെ ലയണൽ മെസിക്ക് ക്ലബിലെ താരങ്ങൾക്കൊപ്പം പരിശീലനം നടത്താൻ പോലും കഴിയില്ല. അതിനു പുറമെ സസ്പെൻഷൻ ലഭിച്ച രണ്ടാഴ്ചയിലെ പ്രതിഫലവും മെസിക്ക് നഷ്ടമാകും എന്നുറപ്പാണ്. ക്ലബിന്റെ സൗകര്യങ്ങളിലും മെസിക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
ലയണൽ മെസിയുടെ പിഎസ്ജി കരാറിൽ സൗദി സന്ദർശനം നടത്താനുള്ള അനുമതി നൽകണമെന്ന ഉടമ്പടിയുണ്ട്. എന്നാൽ മെസി ക്ലബ് വിടുന്നതിന് പിഎസ്ജി പരിശീലകൻ ഗാൾട്ടിയറും സ്പോർട്ടിങ് ഡയറക്റ്റർ കാംപോസും അനുമതി നൽകിയിരുന്നില്ല. അതിനിടയിൽ ലയണൽ മെസിയെ കുറക്കാനുള്ള പദ്ധതി പിഎസ്ജി കൃത്യമായി ആസൂത്രണം ചെയ്തതാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
അരിവാലോ മാർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം മെസി സൗദി സന്ദർശിക്കാനുള്ള അനുമതി ചോദിച്ചപ്പോൾ പിഎസ്ജി നേതൃത്വം അതിനോട് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ താരം വിമാനം കയറിയതിനു ശേഷം ഫ്രഞ്ച് ക്ലബ് തങ്ങളുടെ പദ്ധതികൾ മാറ്റുകയും അടുത്ത ദിവസങ്ങളിൽ പരിശീലന സെഷൻ ഉണ്ടെന്ന് തീരുമാനിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു.
🚨 Messi asked PSG for permission to travel to Saudi Arabia & they told him it was fine. However, when he was in the flight, they suddenly changed their plans & called a training session.@arevalo_martin [🎖️] pic.twitter.com/domiWFkwh7
— Managing Barça (@ManagingBarca) May 2, 2023
എന്തായാലും ലയണൽ മെസി ഈ സീസണിന് ശേഷം പിഎസ്ജിയിൽ ഉണ്ടാകില്ലെന്ന് ഉറപ്പിക്കുന്ന കാര്യമാണിത്. ബാഴ്സലോണ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ നടത്തിയിട്ടും മെസിയെ സസ്പെൻഡ് ചെയ്യാൻ അവർ തയ്യാറായിരുന്നില്ല. ഈ സീസണിന് ശേഷം മെസിക്ക് ബാഴ്സയിലേക്ക് എത്താൻ കഴിയില്ലെങ്കിൽ പിഎസ്ജിയിൽ തന്നെ തുടരാൻ സാധ്യതയുണ്ടായിരുന്നത് ഇതോടെ അവസാനിച്ചിട്ടുണ്ട്.