ഡിബാലയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പന്മാർ ഒരുങ്ങുന്നു |Paulo Dybala

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തിലേക്ക് കുതിക്കുകയായിരുന്ന ആഴ്സണലിന്‌ അപ്രതീക്ഷിത തിരിച്ചടികളാണ് കഴിഞ്ഞ കുറച്ചു നാളുകളിലായി വന്നു കൊണ്ടിരുന്നത്. രണ്ടാം സ്ഥാനത്തുള്ള സിറ്റിയുമായി വ്യക്തമായ ലീഡ് ഉണ്ടായിരുന്നിട്ടും കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ മൂന്നു സമനിലയും ഒരു തോൽവിയും വഴങ്ങിയ ആഴ്‌സണൽ വ്യക്തമായ ലീഡ് കളഞ്ഞു കുളിച്ച് ലീഗ് കിരീടം നഷ്‌ടമാകുമെന്ന അവസ്ഥയിലാണ് നിൽക്കുന്നത്.

പ്രീമിയർ ലീഗിൽ കൂടുതൽ ശക്തമായ പോരാട്ടം നടത്താൻ കൂടുതൽ മികച്ച സ്‌ക്വാഡ് വേണമെന്ന് മനസിലാക്കിയ ആഴ്‌സണൽ അടുത്ത സീസണിലേക്ക് പുതിയ താരങ്ങളെ എത്തിക്കാനുള്ള പദ്ധതിയിലാണ്. നിരവധി താരങ്ങളെ നോട്ടമിട്ടിട്ടുള്ള അവർക്ക് കുറഞ്ഞ തുകക്ക് അർജന്റീനയുടെ റോമാ താരം പൗലോ ഡിബാലയെ സ്വന്തമാക്കാനുള്ള അവസരമാണ് വന്നു ചേർന്നിരിക്കുന്നത്.ലീഗ് നേടിയാലും ഇല്ലെങ്കിലും ആഴ്സണലിന് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കേണ്ടതുണ്ട്.കൂടാതെ കിരീടങ്ങൾക്കായി വെല്ലുവിളി തുടരാൻ തന്റെ ടീമിൽ പുതിയ താരങ്ങളെ ചേർക്കേണ്ടതുണ്ടെന്ന് അർറ്റെറ്റയ്ക്ക് അറിയാം.

ഡിബാലയുടെ കരാറിലുള്ള റിലീസിംഗ് ക്ലോസ് പ്രകാരം മറ്റു ലീഗുകളിലുള്ള ടീമുകൾക്ക് പതിനെട്ടു മില്യൺ പൗണ്ട് നൽകി അർജന്റീന താരത്തെ സ്വന്തമാക്കാൻ അവസരമുണ്ട്.കഴിഞ്ഞ സമ്മർ ജാലകത്തിൽ യുവന്റസ് വിട്ടു ഫ്രീ ഏജന്റായാണ് പൗളോ ഡിബാല റോമയിൽ എത്തിയത്. ഇറ്റാലിയൻ ലീഗിൽ ടോപ് ഫോറിനായി പൊരുതുന്ന റോമ യൂറോപ്പ ലീഗിൽ സെമി ഫൈനലിലും എത്തിയിട്ടുണ്ട്. ടീമിനായി മികച്ച പ്രകടനമാണ് താരം നടത്തുന്നതെങ്കിലും അടിക്കടിയുള്ള പരിക്കുകൾ അർജന്റീന താരത്തിന് തിരിച്ചടി നൽകുന്നുണ്ട്.

ആഴ്സണൽ ഗോൾ സ്കോറിങ് മികവുള്ള ഒരു മുന്നേറ്റ നിര താരത്തിനായുള്ള തിരച്ചിലിലാണ്.ഡിബാല ആകർഷകമായ ഒരു നിർദ്ദേശമായി മാറുമെങ്കിലും അദ്ദേഹത്തിന്റെ ശമ്പള ആവശ്യങ്ങൾ ഒരു പ്രശ്‌നം സൃഷ്ടിച്ചേക്കാം.അതേസമയം ആഴ്‌സണലിന് മാത്രമല്ല, പ്രീമിയർ ലീഗിലെ മറ്റു പ്രധാന ക്ളബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ്, ടോട്ടനം എന്നിവർക്കും ഡിബാലയെ സ്വന്തമാക്കാൻ അവസരമുണ്ട്.