ആരാധകർക്ക് പ്രതീക്ഷയേകി അടുത്ത ലോകകപ്പിൽ കളിക്കാനുള്ള സാധ്യതയെക്കുറിച്ച് മെസ്സി |Lionel Messi
ലയണൽ മെസ്സി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. റെക്കോർഡ് എട്ടാമത്തെ ബാലൺ ഡി ഓർ നേടിയ ശേഷം താൻ ഇപ്പോൾ ദീർഘകാലം കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പറയുകയും ചെയ്തിരുന്നു.രാവിലെ മൈതാനത്ത് ഇറങ്ങുന്നത് ആസ്വദിക്കുന്നിടത്തോളം കാലം കളിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ലയണൽ മെസ്സി തന്റെ ഭാവി പദ്ധതികളെക്കുറിച്ച് L’Équipé യോട് സംസാരിച്ചു.
“എന്റെ യൂറോപ്യൻ അധ്യായം അവസാനിച്ചിരിക്കുകയാണ്, ദൈവത്തിന് നന്ദി, എനിക്ക് യൂറോപ്പിൽ അസാധാരണമായ കരിയർ ഉണ്ടായിരുന്നു, ഞാൻ സ്വപ്നം കണ്ടതെല്ലാം നേടി. ഇപ്പോൾ ഞാൻ യുഎസിൽ വരാൻ തീരുമാനിച്ചതിനാൽ യൂറോപ്പിൽ കളിക്കാൻ ഇനിയൊരിക്കലും തിരിച്ചുവരുമെന്ന് ഞാൻ കരുതുന്നില്ല” മെസ്സി പറഞ്ഞു.ഇന്റർ മിയാമിയിൽ നിന്ന് ലോണിൽ യൂറോപ്പിലേക്ക് മടങ്ങി പോകില്ലെന്നും മെസ്സി പറഞ്ഞു.
“എനിക്ക് ബാഴ്സയിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടായിരുന്നു ഞാൻ എപ്പോഴും ആഗ്രഹിച്ചതുപോലെ അവിടെ ഉണ്ടായിരിക്കുക എന്നത് വളരെ നല്ല ആശയമായിരുന്നു… പക്ഷേ അത് സാധ്യമല്ല.എന്റെ വിരമിക്കൽ അവിടെ ആവണമായിരുന്നെന്ന് ആഗ്രഹിച്ചിരുന്നു” മെസ്സി പറഞ്ഞു.2026 ലോകകപ്പിൽ ഉണ്ടാവുമോ എന്ന ചോദ്യവും മെസ്സിക്ക് മുന്നിൽ വന്നു .”ആ സമയത്ത് എന്റെ പ്രായം കണക്കിലെടുക്കുമ്പോൾ, അത് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു — പക്ഷേ നമുക്ക് നോക്കാം…”2026 ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് മെസ്സി മറുപടി പറഞ്ഞു.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ആരംഭിക്കുമ്പോൾ മെസ്സിക്ക് 39 വയസ്സ് തികയും.“എത്ര ദൂരം പോകുമെന്ന് എനിക്കറിയില്ല പക്ഷേ അത് ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഫുട്ബോൾ കളിക്കുന്നത് ആസ്വദിച്ചുകൊണ്ടേയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ശാരീരികക്ഷമതയുള്ളതും മത്സരിക്കാൻ കഴിയുന്നതുമായിടത്തോളം, ഞാൻ അത് തുടരാൻ പോകുന്നു. എനിക്ക് ഒന്നിനും ഒരു നമ്പർ ഇടാൻ കഴിയില്ല, കാരണം ഫുട്ബോൾ ദിനംപ്രതി വളരെയധികം മാറിക്കൊണ്ടിരിക്കുന്നു. വളരെക്കാലം ഫുട്ബോൾ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ,കാരണം എനിക്കറിയാവുന്നതും ചെയ്യാൻ ഇഷ്ടപ്പെടുന്നതുമാണ്. അതിനാൽ, തുടരാൻ ഞാൻ ആഗ്രഹിക്കുന്നു,” ബാലൺ ഡി ഓർ നേടിയതിന് ശേഷം മെസ്സി ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു.