ബാലൻ ഡി ഓർ പുരസ്‌കാരം എല്ലാവർഷവും നേടാൻ കഴിവുള്ളവനാണ് എംബാപ്പേയെന്ന് ലിയോ മെസ്സി..

ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് എല്ലാവർഷവും നൽകുന്ന ബാലൻ ഡി ഓർ പുരസ്കാരം ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഇത്തവണ നൽകിയത് സൂപ്പർ താരമായ ലിയോ മെസ്സിക്കാണ്. കരിയറിലെ എട്ടാമത് ബാലൻഡിയോർ പുരസ്കാരം സ്വന്തമാക്കിയ ലിയോ മെസ്സിയുടെ അവസാന ബാലൻഡിയോർ പുരസ്കാരം കൂടി ആയിരിക്കും ഇതേന്നാണ് കരുതപ്പെടുന്നത്.

ലിയോ മെസ്സിക്കൊപ്പം ബാലൻഡിയോർ പുരസ്കാരത്തിന് വേണ്ടി മത്സരിച്ച പ്രധാന താരങ്ങളാണ് എർലിംഗ് ഹാലാൻഡും കിലിയൻ എംബാപ്പേയും. തന്റെ മുൻ സഹതാരം കൂടിയായ കിലിയൻ എംബാപ്പയെ കുറിച്ച് ലിയോ മെസ്സി സംസാരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ എംബാപ്പെക്ക് ബാലൻ ഡി ഓർ പുരസ്‌കാരം എല്ലാവർഷവും നേടാനുള്ള കഴിവുണ്ട് എന്നും മെസ്സി പറഞ്ഞു.

“ഹാലൻഡിന്റെ സീസണിനെ പോലെ തന്നെ സാമ്യമുള്ള സീസണാണ് കിലിയൻ എംബാപ്പയുടേതും. ഫിഫ വേൾഡ് കപ്പിൽ ഉൾപ്പെടെ അതിശയകരമായ ഒരു സീസൺ തന്നെയാണ് കിലിയൻ എംബാപ്പേയുടേത്, ഗോളുകൾ സ്കോർ ചെയ്തു ഫൈനലിൽ ഞങ്ങളുടെ വേൾഡ് കപ്പ് വിജയം പ്രയാസമാക്കിയതും എംബാപ്പെയാണ്. എല്ലാവർഷവും ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കാൻ കഴിവുള്ള താരങ്ങളിലൊരാളാണ് എംബാപ്പേ, കാരണം അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്.” – ലിയോ മെസ്സി പറഞ്ഞു.

2002 ഖത്തർ ഫിഫ ലോകകപ്പ് കിരീടം ഉയർത്തിയതാണ് ലിയോ മെസ്സിക്ക് ബാലൻഡിയോർ നേട്ടം കൈവരിക്കുന്നതിന് കാരണമായത്. എന്നാൽ മറുഭാഗത്ത് ക്ലബ്ബ് തലത്തിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ഹാലണ്ടിനു ലിയോ മെസ്സിയെ മറികടന്നുകൊണ്ട് ആദ്യ ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കാനായില്ല. അടുത്തവർഷം മുതൽ മെസ്സിയും റൊണാൾഡോയും ഇല്ലാത്ത പുതിയ യുഗത്തിനാണ് ബാലൻ ഡി ഓർ പുരസ്കാരവും യൂറോപ്യൻ ഫുട്ബോളും സാക്ഷ്യം വഹിക്കുക.