എഫ്എ കപ്പിലും കരുത്ത് തെളിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് : തകർപ്പൻ ജയവുമായി ആഴ്‌സണൽ :ടോപ് ഫോർ പ്രതീക്ഷകൾ സജീവമാക്കി ലിവർപൂൾ

വെസ്റ്റ് ഹാമിനെ 3-1ന് തോൽപ്പിച്ച് എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.ന്യൂകാസിലിനെതിരെ ഞായറാഴ്ച നടന്ന ലീഗ് കപ്പ് ഫൈനൽ വിജയത്തിന് തുടക്കമിട്ട ടീമിൽ ആറ് മാറ്റങ്ങൾ വരുത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ആദ്യ പകുതിയിൽ തീർത്തും വെസ്റ്റ് ഹാമിന്റെ നല്ല നീക്കങ്ങൾ ആണ് കാണാൻ കഴിഞ്ഞത്. ഡി ഹിയയുടെ നല്ല സേവുകൾ വേണ്ടി വന്നു കളി ആദ്യ പകുതിയിൽ ഗോൾ രഹിതമായി നിൽക്കാൻ.

രണ്ടാം പകുതിയിലും വെസ്റ്റ് ഹാം നന്നായി തുടങ്ങി. കളിയുടെ 54ആം മിനുട്ടിൽ അവർ ലീഡ് നേടി. ബെൻറാമയുടെ ഗംഭീര ഫിനിഷ് ആണ് യുണൈറ്റഡിനെ ഞെട്ടിച്ചത്. ഇതിനു പിന്നാലെ യുണൈറ്റഡ് റാഷ്ഫോർഡിനെയും ലിസാൻഡ്രോ മാർട്ടിനസിനെയും കളത്തിൽ എത്തിച്ചു.72-ാം മിനിറ്റിൽ കാസെമിറോയുടെ പന്ത് വലയിലെത്തിയെങ്കിലും ബ്രൂണോ ഫെർണാണ്ടസിന്റെ ഫ്രീകിക്കിൽ നിന്നുള്ള ഹെഡ്ഡർ VAR അവലോകനത്തെത്തുടർന്ന് ഓഫ്സൈഡായി.77ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില കണ്ടെത്തി. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണർ ഒരു സെൽഫ് ഗോളായി വലയിലേക്ക് കയറുക ആയിരുന്നു.

90-ാം മിനിറ്റിൽ അർജന്റീനിയൻ കൗമാരക്കാരൻ ഗാർനാച്ചോ യുണൈറ്റഡിനെ മുന്നിലെത്തിച്ചു.പിന്നാലെ ഫ്രെഡിലൂടെ യുണൈറ്റഡ് മൂന്നാം ഗോളും നേടി. ടീം ക്വാർട്ടറും ഉറപ്പിച്ചു.എഫ്‌എ കപ്പിൽ അഞ്ചാം റൗണ്ടിൽ 1-0ന് ജയിച്ച് ഷെഫീൽഡ് യുണൈറ്റഡ് ടോട്ടൻഹാമിനെ പുറത്താക്കി. 79-ാം മിനിറ്റിൽ ഇലിമാൻ എൻഡിയായെ നേടിയ ഗോളാണ് ഷെഫീൽഡിന്റെ വിജയം ഉറപ്പിച്ചത്.

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഇരട്ടഗോളിൽ ആഴ്‌സണൽ എവർട്ടനെ തോൽപിച്ചതോടെ അഞ്ച് പോയിന്റ് ലീഡ് നേടി.40-ാം മിനിറ്റിൽ ഒലെക്‌സാണ്ടർ സിൻചെങ്കോയുടെ പാസിൽ നിന്നും ബുക്കായോ സാക്കയും 45 ആം മിനുട്ടിൽ മാർട്ടിനെല്ലിയും നേടിയ ഗോളുകൾ ആഴ്‌സനലിനെ 2 -0 ത്തിനു മുന്നിലെത്തിച്ചു.71-ാം മിനിറ്റിൽ ക്ലോസ് റേഞ്ച് ഫിനിഷിലൂടെ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് 3-0 ആക്കി. 80ആം മിനുട്ടിൽ മാർട്ടിനെല്ലി നേടിയ ഗോളിലൂടെ ആഴ്‌സണൽ സ്കോർ 4 -0 ആക്കി ഉയർത്തി.സ്വന്തം തട്ടകത്തിൽ സിറ്റിയോട് തോറ്റതിന് ശേഷമുള്ള തുടർച്ചയായ മൂന്നാം വിജയം ആഴ്‌സണലിനെ 25 മത്സരങ്ങളിൽ നിന്ന് 60 പോയിന്റായി ഉയർത്തി.

മറ്റൊരു മത്സരത്തിൽ വിർജിൽ വാൻ ഡിജിക്കും ഫോർവേഡ് മുഹമ്മദ് സലാഹും രണ്ടാം പകുതിയിൽ നേടി ഗോളുകൾക്ക് ലിവർപൂൾ വോൾവ്‌സിനെതിരെ വിജയം നേടി.66ആം മിനുട്ടിൽ ഡാർവിൻ നുനിയസിലൂടെ ലിവർപൂൾ ഗോൾ നേടിയെങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. 73-ാം മിനിറ്റിൽ ഡിഫൻഡർ വിർജിൽ വാൻ ഡൈക് ആണ് ലിവർപൂളിനെ മുന്നിലെത്തിച്ചത്. 77 ആം മിനുട്ടിൽ സലാഹ് കളിയിലെ രണ്ടാം ഗോൾ നേടി. സീസണിലെ സലായുടെ 20-ാം ഗോൾ ആയിരുന്നു ഇത്. ഈ വിജയത്തോടെ, ലിവർപൂൾ ലീഗ് ടേബിളിൽ 6-ാം സ്ഥാനത്തേക്ക് ഉയർന്നു, നാലാം സ്ഥാനത്തുള്ള സ്പർസിനെക്കാൾ 6 പോയിന്റ് മാത്രം പിന്നിലാണ് ലിവർപൂൾ ഇപ്പോൾ. ഈ വിജയം ലിവർപൂൾ ആരാധകർക്ക് തങ്ങളുടെ ടീമിന് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനാകുമെന്ന പ്രതീക്ഷ നൽകി.