ഹീറോയായി കോബി മൈനൂ, ത്രില്ലർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം : ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മാഡ്രിഡ്

ലാ ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗെറ്റാഫെയെ എതിരില്ലാത്ത ഗോളുകൾക്ക് പരാജയപ്പെടുത്തി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മാഡ്രിഡ്. സ്പെയിൻ ഫോർവേഡ് ജോസെലുവാണ് റയലിന്റെ രണ്ടു ഗോളുകളും നേടിയത്. മത്സരത്തിന്റെ തുടക്കം മുതൽ റയൽ മാഡ്രിഡ് ആധിപത്യം പുലർത്തി.14-ാം മിനിറ്റിൽ ഡാനി കാർവാജലിൻ്റെ ക്രോസിൽ നിന്ന് ജോസെലു ഹെഡ്ഡറിലൂടെ നേടിയ ഗോളിലൂടെ റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ചു.

38-ാം മിനിറ്റിൽ മാഡ്രിഡിൻ്റെ ലീഡ് വർധിപ്പിക്കാൻ അദ്ദേഹത്തിന് മികച്ച അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിൻ്റെ ഷോട്ട് ഗോൾകീപ്പർ ഡേവിഡ് സോറിയ ഒറ്റക്കൈകൊണ്ട് രക്ഷപ്പെടുത്തി.സെൻ്റർ ബാക്ക് അൻ്റോണിയോ റൂഡിഗർ ഇടവേളയ്ക്ക് ശേഷം കാലിന് പരിക്കേറ്റ് മടങ്ങിയത് റയലിന് വലിയ തിരിച്ചടിയായി മാറി.51-ാം മിനിറ്റിൽ മേസൺ ഗ്രീൻവുഡ് ഗെറ്റാഫെക്ക് സമനില നേടിക്കൊടുത്തു എന്ന് തോന്നിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.അഞ്ച് മിനിറ്റിന് ശേഷം വിനീഷ്യസ് ജൂനിയർ നൽകിയ മികച്ച പാസിൽ നിന്ന് ലോ സ്‌ട്രൈക്ക് വലയിലെത്തിച്ച് ജോസെലു മാഡ്രിഡിൻ്റെ ലീഡ് ഉയർത്തി. ഹാട്രിക്നേടാനുള്ള അവസരം ജോസെലു വിന് ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 22 മത്സരങ്ങളിൽ നിന്നും 57 പോയിന്റാണ് റയൽ മാഡ്രിഡിനുള്ളത്, രണ്ടാം സ്ഥാനത്തുള്ള ജിറോണക്ക് 55 പോയിന്റും മൂന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനും നാലാം സ്ഥനത്തുള്ള ബാഴ്സലോണക്കും 47 പോയിന്റും ആണുള്ളത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യൂനിറ്റ് മൂന്നിനെതിരെ നാല് ഗോളുകൾക്ക് വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെ പരാജയപ്പെടുത്തി. ഇഞ്ചുറി ടൈമിൽ 18 കാരനായ കോബി മൈനൂ നേടിയ ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. മത്സരം തുടങ്ങി അഞ്ചാം മിനുറ്റിൽ തന്നെ സ്‌ട്രൈക്കർ മാർക്കസ് റാഷ്‌ഫോർഡ് നേടിയ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് നേടി. 22 ആം മിനുട്ടിൽ ലൂക്ക് ഷായുടെ അസ്സിസ്റ്റിൽ നിന്നും നേടിയ ഗോളിൽ റാസ്മസ് ഹോയ്‌ലുണ്ട് യുണൈറ്റഡിന്റെ ലീഡുയർത്തി. 51 ആം മിനുട്ടിൽ പകരക്കാരനായ പാബ്ലോ സരബിയ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ വോൾവ്സ് മത്സരത്തിലേക്ക് തിരിച്ചുവന്നു.

75-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സ്‌കോട്ട് മക്‌ടോമിനയ് യുണൈറ്റഡിന്റെ ലീഡ് രണ്ടു ഗോളായി പുനഃസ്ഥാപിച്ചു.85-ാം മിനിറ്റിൽ വോൾവ്സ് താരം മാക്‌സ് കിൽമാൻ നേടിയ ഗോളിൽ സ്കോർ 3 -2 ആക്കി കുറച്ചു.സ്റ്റോപ്പേജ് ടൈമിൽ പെഡ്രോ നെറ്റോ നേടിയ ഗോളിലൂടെ വോൾവ്സ് സമനില ഗോൾ നേടി.എന്നാൽ 97-ാം മിനിറ്റിൽ മൈനുവിൻ്റെ ഗോൾ യുണൈറ്റഡിന് വിജയം നേടിക്കൊടുത്തു. ഈ വിജയം യുണൈറ്റഡിനെ 35 പോയിൻ്റുമായി ഏഴാം സ്ഥാനത്തേക്ക് ഉയർത്തി.29 പോയിന്റുമായി 11-ാം സ്ഥാനത്താണ് വോൾവ്സ്.