ഗോളടിയിൽ ക്രിസ്റ്റ്യാനോയെ പിന്നിലാക്കി മെസ്സി; ഇത് നൂറ്റാണ്ടിന്റെ നേട്ടം

അനുദിനം റെക്കോർഡുകൾ കുറിക്കുകയാണ് ലയണൽ മെസ്സി. അമേരിക്കൻ ലീഗിൽ എത്തിയതിന് പിന്നാലെ അമേരിക്കൻ സോക്കർ   ചരിത്രത്തിൽ പുതിയ നേട്ടങ്ങൾ സ്വന്തമാക്കുന്ന മെസ്സി അമേരിക്കയിൽ മാത്രമല്ല, ഫുട്ബോൾ ലോകത്തും തന്റെ സംഹാരതാണ്ടവം തുടരുകയാണ്.

കഴിഞ്ഞ ദിവസം എഫ്സി ഡല്ലാസിനെതിരെ രണ്ട് ഗോളുകൾ നേടി മിയാമിയെ വിജയതീരത്തെത്തിച്ച മെസ്സി ആ മത്സരത്തിന് പിന്നാലെ ഒരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി പ്ലേ ഓഫുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയത്.

ഈ റെക്കോർഡ് നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പക്കലായിരുന്നു.222 മത്സരങ്ങളിൽ നിന്ന് 140 ഗോളുകളായിരുന്നു റൊണാൾഡോ നേടിയിരുന്നത്. അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മെസ്സി ഇപ്പോൾ ഈ രണ്ടു ഗോളുകൾ നേടിയതോടുകൂടി റൊണാൾഡോയെ മറികടന്നു കഴിഞ്ഞു. 220 മത്സരങ്ങളിൽ നിന്ന് 142 ഗോളുകളാണ് മെസ്സി പ്ലേ ഓഫുകളിൽ നേടിയിട്ടുള്ളത്.

ഡല്ലാസിനെതിരെ രണ്ട് ഗോളുകളായിരുന്നു മെസ്സി നേടിയത്. മത്സരം മിയാമിയുടെ കൈയ്യിൽ നിന്ന് പോകുമെന്ന ഘട്ടത്തിലാണ് 85 ആം മിനുട്ടിൽ മെസ്സി സുന്ദര ഫ്രീ കിക്കുമായി മത്സരം സമനിലയിലാക്കി ഷൂട്ട്‌ഔട്ടിലെത്തിച്ചത്. ഷൂട്ട്‌ ഔട്ടിലും തന്റെ കിക്ക് കൃത്യമായി വലയിലെത്തിച്ച മെസ്സി ഇന്റർ മിയാമിയുടെ വിജയശില്പിയാവുകയായിരുന്നു. മെസ്സി ഈ പോക്ക് പോകുയാണെങ്കിൽ ഫുട്ബോൾ ലോകത്തെ ഒട്ടുമിക്ക റെക്കോർഡുകളും മെസ്സി തന്റെ പേരിലാക്കും.