തോറ്റു പുറത്തായതിന് ശേഷം മെസ്സിയെ കുറിച്ച് ഇന്റർ മിയാമിയുടെ എതിർടീം താരം പറഞ്ഞതിങ്ങനെ

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിക്കെതിരെ കളിക്കാൻ ആഗ്രഹിക്കുന്നവരാണ് നിരവധി ഫുട്ബോൾ കളിക്കാരും ആരാധകരും, അങ്ങനെയൊരു മത്സരവും വളരെ വിശിഷ്ടവുമായ രാത്രിയും ലഭിച്ചതിൽ സന്തോഷം രേഖപ്പെടുത്തുകയാണ് ലിയോ മെസ്സിയുടെ എതിർ ടീം താരമായ അലൻ വേലാസ്കോ.

കഴിഞ്ഞദിവസം നടന്ന ലീഗ് കപ്പ് മത്സരത്തിൽ എഫ്സി ഡലാസിനെതിരെ ഇന്റർമിയാമി തോൽക്കുമെന്ന് തോന്നിച്ചെങ്കിലും അവസാനം നിമിഷം ലിയോ മെസ്സിയുടെ മിടുക്കിലൂടെ തിരിച്ചടിച്ച ഇന്റർ മിയാമി സമനില നേടുകയും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ മത്സരത്തിനു ശേഷമായിരുന്നു എതിർ ടീമിലെ അർജന്റീന താരമായ അലൻ വേലസ്‌കോ ലിയോ മെസിയെ പുകഴ്ത്തി സംസാരിക്കുന്നത്.

“ലീഗ് കപ്പിലെ അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ ഞങ്ങളെക്കൊണ്ട് കഴിഞ്ഞിട്ടില്ല എന്നത് മാറ്റിനിർത്തുകയാണെങ്കിൽ വളരെ മികച്ച ഒരു രാത്രിയായിരുന്നു ഇത്. ടീം വളരെ നന്നായി തന്നെ കളിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരത്തിനെതിരെ കളിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്.” – എഫ്സി ഡലാസ് താരം അലൻ വേലാസ്‌കോ പറഞ്ഞു.

മത്സരത്തിൽ ഇന്റർമിയാമിക്കെതിരെ ഗോൾ നേടിയ താരം മത്സരത്തിനുശേഷം ലിയോ മെസ്സിയുമായി ജേഴ്സി കൈമാറിയാണ് കളം വിട്ടത്. ലീഗ് കപ്പിലെ റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ വിജയിച്ച ഇന്റർ മിയാമി ക്വാർട്ടർ ഫൈനൽ മത്സരത്തിലേക്കാണ് മുന്നേറിയത്. ലിയോ മെസ്സി വന്നതിനുശേഷം കളിച്ച നാല് മത്സരങ്ങളിലും തുടർച്ചയായി വിജയം നേടിയ ഇന്റർ മിയാമി വളരെയധികം സന്തോഷത്തിലും പ്രതീക്ഷയിലുമാണ്.