ബൊളീവിയക്കെതിരെ ലിയോ മെസ്സി കളിക്കുമോ? മെസ്സിയുടെ കാര്യത്തിൽ സ്കലോണിയുടെ മറുപടി

2026 ലെ ഫിഫ വേൾഡ് കപ്പിനുള്ള യോഗ്യത മത്സരങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ തങ്ങളുടെ ആദ്യ മത്സരം വിജയിച്ചു തുടങ്ങിയിരിക്കുകയാണ് നിലവിലെ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന. ഇക്വഡോറിനെ തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് ലിയോ മെസ്സി നേടുന്ന എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയത്.

ഇക്വഡോറിനെതിരായ മത്സരം പൂർത്തിയാകുന്നതിനുമുമ്പ് കളം വിട്ട ലിയോ മെസ്സിക്ക് പരിക്ക് ഉണ്ടോയെന്ന കാര്യത്തിൽ അർജന്റീന ടീമിനും ആരാധകർക്കും ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനായ താരത്തിന് കാര്യമായി ഒന്നുമില്ല തെളിഞ്ഞതോടെ ടീമിനോടൊപ്പം ബോളിവിയയിലേക്ക് യാത്ര ചെയ്യുന്ന കാര്യത്തിൽ തീരുമാനമായി.

എങ്കിൽപോലും ലിയോ മെസ്സിയെ ബോളിവിയക്കെതിരെ കളിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനത്തിലെത്താൻ ഇതുവരെ അർജന്റീന ടീമിന് കഴിഞ്ഞിട്ടില്ല. ബൊളീവിയക്കെതിരെ ലിയോ മെസ്സി കളിക്കുന്ന കാര്യത്തിൽ വ്യക്തമായ ഉത്തരമാണ് അർജന്റീന പരിശീലകന് നൽകാനാവാതെ പോയത്. ടീമിനോടൊപ്പം മെസ്സി യാത്ര ചെയ്യുമെങ്കിലും കളിപ്പിക്കണോ വേണ്ടയോ എന്ന് കാര്യത്തിൽ ഇനിയും തീരുമാനമെടുക്കേണ്ടതുണ്ടെന്നാണ് ലയണൽ സ്കലോണി പറഞ്ഞത്.

“ലിയോ മെസ്സി ബോളിവിയയിലേക്ക് ടീമിനോടൊപ്പം യാത്ര ചെയ്യുന്നുണ്ട്, ഇന്ന് ലിയോ മെസ്സി വ്യത്യസ്തമായിട്ടാണ് പരിശീലിച്ചത്. മത്സരദിനത്തിന് ഇനിയും രണ്ടു ദിവസം ബാക്കിയുണ്ട്, അതിനാൽ ലിയോ മെസ്സി കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സമയം ഞങ്ങൾക്ക് മുന്നിലുണ്ട്. ലിയോ മെസ്സി കളിക്കണോ വേണ്ടയോ എന്നത് അവസാന പരിശീലന സേഷനുകൾ കൂടി പൂർത്തിയായതിനുശേഷം ഞങ്ങൾ തീരുമാനിക്കും.” – ലയണൽ സ്കലോണി പറഞ്ഞു.

ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ച 1:30നാണ് ബൊളീവിയക്ക് എതിരായ അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരം ബൊളീവിയയുടെ തലസ്ഥാനമായ ലാ പാസിലെ സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരം ബ്രസീലിനോട് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെട്ട ബോളിവിയ ഹോം സ്റ്റേഡിയത്തിൽ അർജന്റീനക്കെതിരെ വിജയിക്കാനാണ് ഇറങ്ങുന്നത്