ആ സ്റ്റേഡിയത്തെ പറ്റി ഞങ്ങൾ പരാതികൾ പറയില്ല, വിജയിക്കാൻ മാത്രമാണ് അവിടേക്ക് പോകുന്നതെന്ന് സ്കലോണി

2026ൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് യോഗ്യതയുടെ രണ്ടാം മത്സരത്തിന് ഒരുങ്ങുന്ന അർജന്റീനക്ക് ബോളിവിയയാണ് മത്സരത്തിൽ എതിരാളികൾ. താരതമ്യേനെ ദുർബലരായ ടീമാണ് ബൊളീവിയ എങ്കിലും ബൊളീവിയയുടെ മൈതാനത്ത് വച്ച് അവരെ പരാജയപ്പെടുത്തുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ബോളിവിയയുടെ മൈതാനത്ത് പലപ്പോഴും താരങ്ങൾ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാനായിട്ടുണ്ട്.

ഓക്സിജന്റെ കുറവും താരങ്ങളുടെ ശാരീരിക അസ്വസ്ഥതയുമെല്ലാം എതിർ ടീമിനെ ബുദ്ധിമുട്ടിക്കാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾ ഒഴിവുകഴിവുകൾ പറയാനില്ലെന്നും വിജയിക്കാൻ വേണ്ടിയാണ് അവിടേക്ക് പോകുന്നതെന്നുമാണ് അർജന്റീന ദേശീയ ടീം പരിശീലകനായ ലയണൽ സ്കലോണി പറഞ്ഞത്. യാതൊരുവിധത്തിലും അതിനെക്കുറിച്ച് തങ്ങൾ പരാതിപ്പെടാൻ ഇല്ലെന്നും ലയണൽ സ്കലോണി മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.

“ഒരു സങ്കൽപ്പത്തിൻ കീഴിലും ഞങ്ങൾ അതിനെക്കുറിച്ച് പരാതിപ്പെടാൻ പോകുന്നില്ല. ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല, എല്ലാ ടീമുകളും അവിടെ കളിക്കാൻ പോകുന്നു. ഞങ്ങൾ ഒഴികഴിവുകൾ തേടുകയല്ല, വിജയിക്കാനാണ് ഞങ്ങൾ അവിടെ പോകുന്നത്, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.” – അർജന്റീന ദേശീയ ടീം പരിശീലകനായ ലയണൽ സ്കലോണി പറഞ്ഞു.

ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ച 1:30 നാണ് ബോളിവീയക്കെതിരായ അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരം അരങ്ങേറുന്നത്. സൂപ്പർ താരമായ ലിയോ മെസ്സി ഉൾപ്പെടെയുള്ള അർജന്റീന താരങ്ങൾ ബോളിവിയയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ആദ്യ മത്സരത്തിൽ ബ്രസീലിനോട് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽവി വഴങ്ങിയ ബൊളീവിയ ഹോം സ്റ്റേഡിയത്തിൽ യോഗ്യത മത്സരങ്ങളിലെ ആദ്യ പോയന്റ് ലക്ഷ്യമാക്കിയാണ് കളിക്കാൻ ഇറങ്ങുന്നത്.