ബാഴ്‌സലോണ വിടുന്ന ബുസ്‌ക്വറ്റ്‌സിന് ഹൃദയസ്‌പർശിയായ സന്ദേശവുമായി ലയണൽ മെസി

ബാഴ്‌സലോണ നായകനായ സെർജിയോ ബുസ്‌ക്വറ്റ്സ് ഈ സീസൺ കൂടിയേ ടീമിനൊപ്പം ഉണ്ടാകുവെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം ബാഴ്‌സലോണ നൽകിയ പുതിയ കരാർ ഒപ്പിടില്ലെന്നാണ് തീരുമാനമെടുത്തത്. ഇതോടെ ഒന്നര പതിറ്റാണ്ടിലധികം ടീമിന്റെ നട്ടെല്ലായി നിന്നിരുന്ന താരത്തിനൊപ്പം ബാഴ്‌സലോണയിലെ ഒരു യുഗം കൂടി അവസാനിക്കുകയാണ്.

നിരവധി വർഷങ്ങൾ മെസിയും ബുസ്‌ക്വറ്റ്‌സും ഒരുമിച്ച് കളിച്ചിട്ടുണ്ട്. അതിമനോഹരമായ ഫുട്ബോൾ ഈ രണ്ടു താരങ്ങളും മൈതാനത്തു കാഴ്‌ച വെച്ചിട്ടുണ്ട്. ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ബുസ്‌ക്വറ്റ്സ് ക്ലബ് വിടാനൊരുങ്ങുന്നത്. ബുസ്‌കിറ്റ്‌സ് ക്ലബ് വിടുമെന്ന് ഔദ്യോഗികമായി അറിയിച്ചതോടെ താരത്തിന് സന്ദേശവുമായി ലയണൽ മെസി രംഗത്തു വരികയും ചെയ്‌തു.

“മൈതാനത്ത്, നിങ്ങളൊരു നമ്പർ 5 ആയിരിക്കും. എന്നാൽ വാസ്തവത്തിൽ, ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും നിങ്ങൾ ഒരു 10 ആണ്, ബുസി. നിങ്ങളുടെ പുതിയ യാത്രക്ക് എല്ലാ ആശംസകളും എപ്പോഴും നേരുന്നു. നിങ്ങൾക്കും നിങ്ങളുടെ മുഴുവൻ കുടുംബത്തിനും ഞാൻ നല്ലൊരു ഭാവി ആശംസിക്കുന്നു.”

“കളിക്കളത്തിനകത്തും പുറത്തും നിങ്ങൾ നൽകിയ എല്ലാത്തിനും നന്ദി, നമ്മൾ ഒരുമിച്ച് ചെലവഴിച്ച നിരവധി നിമിഷങ്ങൾ ഉണ്ടായിരുന്നു. അവയിൽ ചിലതൊക്കെ ഒരുപാട് നല്ലതും ചിലത് സങ്കീർണ്ണവുമാണ്. അവയെല്ലാം എന്നെന്നേക്കുമായി നിലനിൽക്കും.” മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ബുസ്‌ക്വറ്റ്സ് ബാഴ്‌സലോണ വിട്ട് സൗദി ക്ലബായ അൽ ഹിലാലിലേക്ക് ചേക്കേറുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. താരത്തിന് ബാഴ്‌സലോണയിൽ തന്നെ തുടരാൻ ഓഫർ ഉണ്ടായിരുന്നെങ്കിലും പ്രതിഫലം വളരെയധികം കുറയുമെന്നതു കൊണ്ടാണ് ക്ലബ് വിടാൻ തീരുമാനിച്ചത്. ബുസ്‌കിറ്റ്‌സിന് പകരക്കാരനെ കണ്ടെത്തുക ബാഴ്‌സയെ സംബന്ധിച്ച് തലവേദനയാണ്.