സൂപ്പർ താരം ലയണൽ മെസ്സി മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മിയാമിൽ അവതരിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിനായി കാത്തിരിക്കുകയാണ് അമേരിക്കൻ ഫുട്ബോൾ ആരാധകർ. ഇതിനോടകം തന്നെ മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിനായുള്ള ടിക്കറ്റുകൾ ഇരട്ടി വിലയ്ക്ക് വിറ്റഴിച്ചിരുന്നു.
സ്റ്റേഡിയത്തിലെ സിറ്റിങ് കപ്പാസിറ്റി പോലും മെസ്സി കാരണം വർധിപ്പിച്ചിരിക്കുകയാണ് ഇന്റർ മിയാമി. മെസ്സിയെ പോലുള്ള ലോകോത്തര താരം അമേരിക്കയിൽ പന്ത് തട്ടുന്നത് ഇതാദ്യമായാണ്. അതിനാൽ അമേരിക്കൻ ഫുട്ബോൾ ആരാധകരും ഏറെ ആകാംഷയിലും സന്തോഷത്തിലുമാണ്. ഡേവിഡ് ബെക്കാം. കക്ക, തുടങ്ങിയ താരങ്ങൾ അമേരിക്കയിൽ പന്ത് തട്ടിയിട്ടുണ്ടെങ്കിലും മെസ്സിയെ പോലെ ലോകഫുട്ബോളിൽ ഇന്നും നിറഞ്ഞ് നിൽക്കുന്ന ഒരു താരം അമേരിക്കയിൽ ഇത് വരെ കളിച്ചിട്ടില്ല.
മെസ്സിയുടെ വരവ് അമേരിക്കൻ ഫുട്ബോൾ ആരാധകർ കാത്തിരിക്കുമ്പോൾ മേജർ ലീഗ് സോക്കറിലെ ക്ലബ് പരിശീലകർക്കും താരങ്ങൾക്കും മെസ്സി വരുന്നത് ഭയമാണ്. ലോകഫുട്ബോളിലെ ഏറ്റവും വലിയ താരമായതിനാൽ തന്നെ റഫറിമായുടെ സഹായം ലയണൽ മെസിക്ക് ലഭിച്ചേക്കാമെന്നാണ് ചില ക്ലബ് പരിശീലകർ അഭിപ്രായപ്പെടുന്നത്. താരത്തിന് അനുകൂലമായി റഫറിമാർ തീരുമാനമെടുക്കുമെന്ന് പരിശീലകരിൽ പലരും അഭിപ്രായപ്പെടുന്നു.മെസ്സിക്ക് റഫറിമാർ ഇളവ് നൽകുമെന്ന് സൂചിപ്പിക്കുന്ന ചില അഭ്യൂഹങ്ങളും അമേരിക്കൻ ഫുട്ബോൾ ആരാധകർക്കിടയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതൊക്കെ കേവലം അഭ്യൂഹം മാത്രമാണ് എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
ലയണൽ മെസ്സിയുടെ മികവിനെ മറികടക്കാൻ പലപ്പോഴും ലോകഫുട്ബോളിലെ തന്നെ വമ്പൻമാർക്ക് കഴിയാറില്ല. ലോകോത്തര പ്രതിരോധ താരങ്ങളെ പോലും കബളിപ്പിച്ച് മുന്നേറുന്ന മെസ്സിയെ തടയാൻ മേജർ ലീഗ് സോക്കറിലെ പ്രതിരോധ താരങ്ങൾക്കും കഴിയില്ല. ഇത്തരത്തിൽ മെസ്സിയുടെ മികവിനെ മറികടക്കാൻ സാധിക്കില്ല എന്നുറപ്പായതോടെ പരിശീലകർ കണ്ടെത്തുന്ന ന്യായികരണമാണ് റഫറിയുടെ സഹായമെന്നാണ് ഇന്റർ മിയാമി ആരാധകർ പറയുന്നത്.
https://t.co/ysp5XWAvZC How MLS referees will officiate Lionel Messi: Navigating the idea of protecting superstars https://t.co/CQoWIIaKcu
— soccertube (@soccertube77) July 8, 2023
തങ്ങളുടെ പരിശീലന ജോലി തെറിക്കാതിരിക്കാൻ പരിശീലകർ ഇപ്പോഴേ ന്യായം കണ്ടെത്തുകയാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.ഇനി റഫറിമാർ മെസ്സിക്ക് അനുകൂലമായി നിലപാടെടുത്താലും ഇല്ലെങ്കിലും മെസ്സിയെ പോലുള്ള ഒരു താരത്തിന് സ്‌കോർ ചെയ്യാൻ ഒരൊറ്റ ഫ്രീകിക്ക് അവസരം മാത്രം മതിയെന്നും ആരാധകർ ഓർമപ്പെടുത്തുന്നു.