‘മിന്നുന്ന ഫ്രീകിക്ക് ഗോൾ ഉൾപ്പെടെ ഹാട്രിക്ക്’ : റൊസാരിയോയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി ലയണൽ മെസ്സി |Lionel Messi

0

ലയണൽ മെസ്സി വീണ്ടും റൊസാരിയോയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് . 36 ആം ജന്മദിനം ആഘോഷിക്കുന്ന അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി തന്റെ ബാല്യകാല ക്ലബായ ന്യൂവെൽസ് ഓൾഡ് ബോയ്സ് സ്റ്റേഡിയത്തിലേക്ക് തകർപ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.

മാക്സി റോഡ്രിഗസിനുള്ള വിടവാങ്ങൽ മത്സരത്തിന്റെ ഭഗമായാണ് മെസ്സി ന്യൂവെൽസ് ഓൾഡ് ബോയ്സ് സ്റ്റേഡിയത്തിലേക്ക് മടങ്ങിയെത്തിയത്.14 വർഷത്തിന് ശേഷം ഇതാദ്യമായാണ് മെസ്സി തിരിച്ചെത്തുന്നത്. വലിയ കയ്യടികളോടെയാണ് നിറഞ്ഞ സ്റ്റേഡിയം ലോകകപ്പ് ജേതാവിനെ വരവേറ്റത്.ന്യൂവെൽസ് ഓൾഡ് ബോയ്‌സുമായുള്ള മൂന്നാം സ്പെല്ലിന് ശേഷം 2021 ൽ വിരമിച്ച മുൻ ലിവർപൂൾ വിംഗർ മാക്‌സി റോഡ്രിഗസ് തന്റെ വിടവാങ്ങൽ മത്സരം കളിക്കാൻ മെസ്സിയെയും മുൻ അർജന്റീനിയൻ സഹതാരം സെർജിയോ അഗ്യൂറോയെയും ക്ഷണിച്ചിരുന്നു.

ഒരു ഫ്രീകിക്ക് ഗോളുൾപ്പെടെ തകർപ്പൻ ഹാട്രിക്ക് നേടിയ മെസ്സി ആ നിമിഷത്തെ അവിസ്മരണീയമാക്കി മാറ്റി .ഒരു ലോകചാമ്പ്യൻ എന്ന നിലയിലുള്ള തന്റെ ആദ്യ ജന്മദിനമാണിതെന്നും ആളുകൾ എപ്പോഴും തന്നോട് “അത്ര വാത്സല്യത്തോടെ” പെരുമാറുന്ന റൊസാരിയോയിൽ തിരിച്ചെത്തുന്നത് “എപ്പോഴും മനോഹരമാണ്” എന്നും മത്സര ശേഷം മെസ്സി പറഞ്ഞു.

മെസ്സി തന്റെ 36-ാം ജന്മദിനം ജന്മനാട്ടിൽ ആഘോഷിക്കുകയാണെങ്കിലും ഉടൻ അമേരിക്കയിലേക്ക് പോകും. പിഎസ്ജിയുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹം ഇന്റർ മിയാമിയിൽ ചേർന്നത്.ജൂലൈ 1 ന് മെസ്സി ഔദ്യോഗികമായി ഇന്റർ മിയാമിയിൽ ചേരും, തുടർന്ന് ജൂലൈ 21 ന് അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്.