ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ നടന്ന ലീഗ് കപ്പ് മത്സരത്തിൽ ഒർലാൻഡോ സിറ്റിക്കെതിരെ തകർപ്പൻ ജയവുമായി ഇന്റർ മിയാമി. ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ ജയാമാണ് ഇന്റർ മിയാമി നേടിയത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഇരട്ട ഗോളുകളാണ് ഇന്ററിന്റെ വിജയം അനായാസമാക്കിയത്. ഇന്ററിനായി കളിച്ച മൂന്നു മത്സരങ്ങളിൽ നിന്നും മെസ്സി അഞ്ചു ഗോളുകളാണ് ഇതുവരെ നേടിയത്.
മഴ കാരണം ഒന്നരമണിക്കൂർ വൈകിയാണ് ഇന്നത്തെ മത്സരം ആരംഭിച്ചത്. മത്സരം തുടങ്ങി ഏഴാം മിനുട്ടിൽ തന്നെ ലയണൽ മെസ്സിയിലൂടെ ഇന്റർ മിയാമി മുന്നിലെത്തിച്ചത്.ടെയ്‌ലർ വിങ്ങിൽ നിന്നും നൽകിയ ക്രോസ് പെനാൽറ്റി ബോക്‌സിനുള്ളിൽ വെച്ച് നെഞ്ചിൽ സ്വീകരിച്ചതിനു ശേഷം ക്ലോസ് റേഞ്ചിൽ അത് വലയിലേക്ക് തൊടുത്തു.
ഒർലാണ്ടോ സിറ്റി ഗോൾകീപ്പര്ക്ക് യാതൊരു അവസരവും നൽകാതെയാണ് പന്ത് വലയിലേക്ക് കയറിയത്. ഇന്റർ മിയാമി ജേഴ്സിയിലെ മെസ്സിയുടെ നാലാമത്തെ ഗോൾ ആയിരുന്നു. എന്നാൽ 17 ആം മിനുട്ടിൽ ഒർലാൻഡോ സിറ്റി സമനില പിടിച്ചു.സെസാർ അരഹോയാണ് ഒർലാൻഡോയുടെ ഗോൾ നേടിയത്. ഗോളിന് പിന്നാലെ ലയണൽ മെസ്സിക്ക് മഞ്ഞ കാർഡ് ലഭിക്കുകയും ചെയ്തു. ഒന്നാം പകുതി അവസാനിക്കുന്നതിന് മുന്നേ മെസ്സിയുടെ ഫ്രീകിക്ക് പുറത്തേക്ക് പോയി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒർലാൻഡോ സിറ്റിക്കെതിരെ ഇന്റർ മിയാമി ലീഡ് നേടി.പെനാൽറ്റി കിക്കിൽ നിന്നും ജോസഫ് മാർട്ടിനെസ് ആണ് ഗോൾ നേടിയത്.മാർട്ടിനെസിനെ ഒർലാൻഡോ സിറ്റിയുടെ അന്റോണിയോ കാർലോസ് ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്. 63 ആം മിനുട്ടിൽ ജോർഡി ആൽബ ഇന്റർ മിയാമിയിൽ അരങ്ങേറ്റം ക്കുറിച്ചു.72 ആം മിനുട്ടിൽ ലയണൽ മെസ്സി വീണ്ടു ഇന്റർ മിയാമിയെ മുന്നിലെത്തിച്ചു.
ഇടതു വിങ്ങിൽ നിന്നും വന്ന ക്രോസ്സ് നെഞ്ചിൽ സ്വീകരിച്ച ജോസഫ് മാർട്ടിനെസ് തളികയിൽ എന്നപോലെ മെസ്സിക്കൊടുക്കുകയും അര്ജന്റീന താരം മനോഹരമായ ഫിനിഷിംഗിലൂടെ വലയിലാക്കുകയും ചെയ്തു.