ഈ സീസണിലെ അവസാന മത്സരം കളിച്ച ശേഷം ക്ലബ്ബ് ആരാധകരോടായി മെസ്സിയുടെ ഹൃദ്യമായ കുറിപ്പ് | Lionel Messi

അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയിട്ടുള്ള ആദ്യത്തെ സീസൺ പൂർത്തിയാക്കുകയാണ് സൂപ്പർ താരമായ ലിയോ മെസ്സി. കലണ്ടർ വർഷാടിസ്ഥാനത്തിൽ സീസൺ അരങ്ങേറുന്ന മേജർ സോക്കർ ലീഗിന്റെ പ്ലേ ഓഫിൽ പ്രവേശിക്കാൻ ഇന്റർമിയാമിക്ക് കഴിയാതെ വന്നതോടെയാണ് ലിയോ മെസ്സിയുടെയും ടീമിന്റെയും സീസൺ അവസാന ലീഗ് മത്സരത്തോടെ അവസാനിച്ചത്.

സീസൺ അവസാനിച്ചതിന് പിന്നാലെ തന്റെ ആരാധകർക്കും ടീമിനും സന്ദേശം നൽകി രംഗത്തുവന്നിരിക്കുകയാണ് സൂപ്പർ താരമായ ലിയോ മെസ്സി. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി സ്വന്തമാക്കിയ മനോഹര നിമിഷങ്ങളെ പോലെ വരും സീസണിൽ മികച്ച പ്രകടനം നടത്താൻ ആകുമെന്ന് പ്രതീക്ഷയും സൂപ്പർതാരം പങ്കുവെച്ചു. ഇന്റർമിയാമി ടീമിലെ താരങ്ങൾക്കും സ്റ്റാഫുകൾക്കും കൂടാതെ ആരാധകർക്കും ലിയോ മെസ്സി നന്ദി പറഞ്ഞു.

“ഈ സീസണിൽ ഇന്റർ മിയാമി ടീം നേടിയ എല്ലാ കാര്യങ്ങളിലും ഞാൻ വളരെയധികം അഭിമാനിക്കുന്നു. ടീമിലെ എല്ലാവരുടെയും അധ്വാനം കൊണ്ട് ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടവും ലീഗ് കപ്പും സ്വന്തമാക്കാൻ നമുക്ക് കഴിഞ്ഞു. അത് മാത്രമല്ല യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിലും നമ്മൾ പ്രവേശിച്ചു. അവസാന നിമിഷം വരെ മേജർ സോക്കർ ലീഗിന്റെ പ്ലേഓഫിലേക്ക് പ്രവേശിക്കാൻ വേണ്ടിയും നമ്മൾ ഒരുമിച്ച് പോരാടി.”

” വിജയിക്കാനും പോരാടാനുമുള്ള ആഗ്രഹം അടുത്ത സീസണിൽ നമ്മൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഈ മിയാമി സിറ്റിയിലെ ക്ലബ്ബിനെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ടീമിലെയും എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. കഴിഞ്ഞ മാസങ്ങളിൽ നമ്മൾ കടന്നു പോയത് പോലെയുള്ള മനോഹരമായ മുഹൂർത്തങ്ങൾ ഇനിയും നമുക്ക് ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.” – ലിയോ മെസ്സി പറഞ്ഞു.

അടുത്തമാസം ഇന്റർമിയാമി ടീമിന് രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാനുണ്ട്. കൂടാതെ ലിയോ മെസ്സിയെ സംബന്ധിച്ചിടത്തോളം ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ പ്രധാനപ്പെട്ട രണ്ട് മത്സരങ്ങളാണ് അടുത്തമാസം അരങ്ങേറുന്നത്. ശക്തരായ ബ്രസീൽ, ഉറുഗ്വായ് എന്നിവർക്കെതിരെയാണ് അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ.