‘മെസ്സി എന്ന് കളിക്കളത്തിലേക്ക് മടങ്ങി വരും’ : സൂപ്പർതാരത്തിന്റെ പരിക്കിനെക്കുറിച്ച് അപ്‌ഡേറ്റ് നൽകി ഇന്റർ മിയാമി കോച്ച് | Lionel Messi

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുഎസ് ഓപ്പൺ കപ്പ് ഫൈനലിന് മുന്നോടിയായി ലയണൽ മെസ്സിയുടെ പരിക്കിന്റെ അവസ്ഥയെക്കുറിച്ച് ഇന്റർ മിയാമി അപ്‌ഡേറ്റ് നൽകി.സൂപ്പർതാരത്തിന്റെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് എന്നായിരിക്കുമെന്നു പരിശീലകൻ ടാറ്റ മാർട്ടിനോ വ്യകതമാക്കി.

സെപ്റ്റംബർ 27ന് നടക്കുന്ന ഫൈനലിൽ ഇന്റർ മിയാമി ഹൂസ്റ്റൺ ഡൈനാമോയെ നേരിടും.ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സിക്ക് 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയെ പ്രതിനിധീകരിക്കുന്നതിനിടെ പരിക്ക് പറ്റിയിരുന്നു. അതിനുശേഷം ടൊറന്റോ എഫ്‌സിക്കെതിരായ ഒരു മേജർ ലീഗ് സോക്കർ മത്സരത്തിൽ 37 ആം മിനുട്ടിൽ പരിക്ക് മൂലം സബ് ആവുകയും ചെയ്തു.അറ്റ്ലാന്റ യുണൈറ്റഡിനും ഒർലാൻഡോ സിറ്റിക്കുമെതിരായ മത്സരങ്ങൾ മെസ്സിക്ക് നഷ്ടമാവുകയും ചെയ്തു.

ഹ്യൂസ്റ്റൺ ഡൈനാമോയ്‌ക്കെതിരെയുള്ള നിർണായക ഏറ്റുമുട്ടലിന് മെസ്സിയുടെ ലഭ്യത സംബന്ധിച്ച് മാർട്ടിനോ അനിശ്ചിതത്വത്തിലാണ്.”അദ്ദേഹത്തിന് ഒരു ശതമാനം നൽകുന്നത് വളരെ ബുദ്ധിമുട്ടാണ്, ഞങ്ങൾ അദ്ദേഹത്തെ വിലയിരുത്തുന്നത് തുടരും, ഞാൻ എപ്പോഴും പറയുന്നത് പോലെ ഞാൻ അവനെ കൂടുതൽ ശ്രദ്ധിക്കും.ആദ്യം അയാൾക്ക് എങ്ങനെ തോന്നുന്നുവെന്ന് നോക്കും.ഭാവിയിലെ അപകടസാധ്യതകളും നമ്മൾ വിലയിരുത്തേണ്ടതുണ്ട്. ഇത് എളുപ്പമുള്ള തീരുമാനമല്ല, പക്ഷേ തെറ്റ് ചെയ്യാതിരിക്കാൻ ഞങ്ങൾ ശരിയായ സമയം എടുക്കും” കപ്പ് ഫൈനലിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിച്ച മാർട്ടിനോ സമ്മതിച്ചു.

യുഎസ് ഓപ്പൺ കപ്പ് ഫൈനലിന് പുറമേ ന്യൂയോർക്ക് സിറ്റി എഫ്‌സിക്കെതിരെ ഇന്റർ മിയാമിക്ക് നിർണായക മത്സരമുണ്ട്.ന്യൂയോർക്ക് സിറ്റി നിലവിൽ MLS ഈസ്റ്റേൺ കോൺഫറൻസിലെ ഫൈനൽ പ്ലേ ഓഫ് സ്‌പോട്ട് സ്ഥാനത്താണ്. ന്യൂയോർക്ക് സിറ്റിയും ഇന്റർ മയാമിയും തമ്മിൽ അഞ്ചു പോയിന്റ് വ്യത്യാസമുണ്ട്.പ്ലേഓഫ് യോഗ്യത ഉറപ്പാക്കുന്നതിന് വരാനിരിക്കുന്ന എല്ലാ മത്സരങ്ങളെയും മയാമിക്ക് നിർണായകമാക്കുന്നു.