800 ഗോളുകളുടെ തിളക്കത്തിൽ ലയണൽ മെസ്സി , ഇനി റൊണാൾഡോയുടെ ഗോളുകളുടെ റെക്കോർഡ് മറികടക്കണം

ഒരു ഔട്ട്-ആൻഡ്-ഔട്ട് സ്‌ട്രൈക്കറായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും തന്റെ കരിയറിൽ ഉടനീളം തുടർച്ചയായി ഗോളുകൾ നേടാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞു. ദേശീയ ടീമിനെ ജേഴ്സിയിലാണെങ്കിലും ക്ലബ്ബിന്റെ ആണെങ്കിലും ഗോൾ ഒരുക്കുന്നതോടൊപ്പം ഗോളടിക്കുനന്തിലും മെസ്സി എന്നും മുന്നിട്ട് നിൽക്കാറുണ്ട്. ബ്യൂണസ് ഐറിസിൽ മൊനുമെന്റൽ സ്റ്റേഡിയത്തിൽ പനാമയ്‌ക്കെതിരെ സ്‌കോർ ചെയ്‌തതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം 800 കരിയർ ഗോളുകൾ നേടുന്ന രണ്ടാമത്തെ കളിക്കാരനായി ലയണൽ മെസ്സി മാറി.

കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് കിരീടം നേടിയ ശേഷം അർജന്റീനയുടെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ 88-ാം മിനിറ്റിൽ ഫ്രീകിക്ക് ഗോളിലൂടെ 35-കാരൻ ഈ നേട്ടം കൈവരിച്ചു.89-ാം മിനിറ്റിൽ ഫ്രീകിക്കിൽ നിന്നാണ് മെസ്സി 800 ആം ഗോൾ നേടിയത് .മെസ്സിയുടെ 99-ാം രാജ്യാന്തര ഗോളായിരുന്നു അത്. ക്ലബ്ബ് തലത്തിൽ 701 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്.കഴിഞ്ഞ വര്ഷം പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 3-2 വിജയത്തിൽ ആഴ്സണലിനെതിരെ രണ്ട് ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ആ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനായി മാറിയിരുന്നു.

ഇന്നലെ നടന്ന യൂറോപ്യൻ യോഗ്യത മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അന്താരഷ്ട്ര ഗോളുകളുടെ എണ്ണം 120 ആയി ഉയർന്നിരുന്നു. ലയണൽ മെസ്സി കീഴടക്കാൻ അവശേഷിക്കുന്ന ഏറ്റവും അഭിമാനകരമായ റെക്കോർഡ് ഇതാണ്.മെസ്സിക്ക് തീർച്ചയായും കൈയെത്തും ദൂരത്താണ് ഈ റെക്കോർഡ് .നിലവിൽ ക്ലബ്ബിനും രാജ്യത്തിനുമായി 830 ഗോളുകൾ ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിരിക്കുകയാണ്.പോർച്ചുഗൽ ഇതിഹാസം മെസ്സിയെക്കാൾ രണ്ട് വയസ്സ് കൂടുതലാണ്, ഇതുവരെ 140 മത്സരങ്ങൾ കൂടുതൽ കളിച്ചിട്ടുമുണ്ട്.

ഇന്നലെ ബ്യൂണസ് ഐറിസിൽ നടന്ന മത്സരത്തിൽ പനാമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. തിയാഗോ അൽമാഡയും ,ലയണൽ മെസ്സിയുമാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്.മത്സരത്തിൽ ലഭിച്ച ആദ്യത്തെ ഫ്രീകിക്ക് മെസ്സി എടുക്കുകയും അത് ബാറിൽ തട്ടി തെറിക്കുകയും ആയിരുന്നു.ആദ്യ പകുതിയിൽ ഒന്നും നേടാനാവാതെയാണ് അർജന്റീന നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയം വിട്ടത്. പിന്നീട് മത്സരത്തിന്റെ 78ആം മിനുട്ടിൽ ലയണൽ മെസ്സിക്ക് വീണ്ടും ഫ്രീകിക്ക് ലഭിച്ചു.

ആ ഫ്രീക്കിക്കും ബാറിൽ തട്ടിത്തെറിച്ചു. പക്ഷേ ബോക്സിനകത്തുണ്ടായിരുന്ന തിയാഗോ അൽമാഡക്ക് ഇത്തവണ പിഴച്ചില്ല.അദ്ദേഹം അത് ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് 89ആം മിനിട്ടിലായിരുന്നു അർജന്റീനക്ക് ഫ്രീകിക്ക് ലഭിച്ചത്. ഇത്തവണ ലയണൽ മെസ്സിക്ക് വിലങ്ങ് തടിയാവാൻ ബാറിന് സാധിച്ചില്ല. മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് ഗോൾകീപ്പർക്ക് ഒരു അവസരവും നൽകാതെ പോസ്റ്റിൽ കയറുകയായിരുന്നു.