ക്രിസ്ത്യാനോ ചിത്രത്തിൽ പോലുമില്ല, ഡിഗോ മറഡോണയെയും മറികടന്ന് മെസ്സി കുതിക്കുന്നു |Lionel Messi

ഏഴ് തവണ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൻഡിയോർ പുരസ്കാരം സ്വന്തമാക്കിയ അർജന്റീന നായകൻ ലിയോ മെസ്സി തന്റെ ഇന്റർമിയാമി ജേഴ്സിയിലുള്ള അരങ്ങേറ്റം മത്സരം മെക്സിക്കോ സിറ്റിയിൽ നിന്നുമുള്ള ക്ലബ്ബായ ക്രൂസ് അസൂളിനെതിരെ ലീഗ് കപ്പിൽ കളിച്ചിരുന്നു, മത്സരത്തിന്റെ അവസാനനിമിഷം ലിയോ മെസ്സി നേടുന്ന ഗോളിലാണ് ഇന്റർമിയാമി മത്സരത്തിൽ വിജയിക്കുന്നത്.

മത്സരം ഒരു ഗോളിന്റെ സമനിലയിൽ മുന്നോട്ട് നീങ്ങവേ ഇഞ്ചുറി ടൈമിൽ 94 മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ഇന്റർമിയാമിക്ക് വേണ്ടി ലിയോ മെസ്സി ഗോളാക്കി മാറ്റിയപ്പോൾ ഇന്റർമിയാമിയുടെ വിജയത്തിനൊപ്പം പിറന്നത് ലിയോ മെസ്സിയുടെ മറ്റൊരു റെക്കോർഡ് കൂടിയാണ്, ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടുന്ന താരങ്ങളിൽ അർജന്റീന ഇതിഹാസമായ മറഡോണയെയാണ് ലിയോ മെസ്സി മറികടന്നത്.

തന്റെ കരിയറിലെ 63മത് ഫ്രീ കിക്ക് ഗോൾ നേടിയ ലിയോ മെസ്സി 62 ഗോളുകൾ നേടിയ അർജന്റീന ഇതിഹാസം മറഡോണ, ബ്രസീലിയൻ ഇതിഹാസം സീക്കോ എന്നിവരെ മറികടന്നുകൊണ്ടാണ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീകിക് ഗോളുകൾ നേടിയ താരങ്ങളിൽ ആറാം സ്ഥാനത്തേക്ക് എത്തിയത്.

ലിയോ മെസ്സിയുടെ പ്രധാന എതിരാളിയായ ക്രിസ്ത്യാനോ റൊണാൾഡോ ലിസ്റ്റിൽ ആദ്യപത്ത് സ്ഥാനങ്ങളിൽ ഇല്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീക്ക് ഗോളുകൾ നേടിയ താരങ്ങളുടെ ലിസ്റ്റിൽ 77 ഗോളുകൾ നേടിയ ബ്രസീലിയൻ ഇതിഹാസം ജൂനിഞ്ഞോ, 70 ഗോളുകൾ നേടിയ ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ പെലെ, 66 ഫ്രീകിക്ക് ഗോളുകൾ നേടിയ ബ്രസീലിന്റെ തന്നെ മറ്റൊരു ഇതിഹാസ താരമായ റൊണാൾഡീഞ്ഞോ, അർജന്റീന ഇതിഹാസം ലെഗ്രോടാഗ്ലി, 65 ഫ്രീക്ക് ഗോളുകൾ നേടിയ ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാം എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളവർ.

ഇവരുടെയെല്ലാം തൊട്ടുപിന്നിലായാണ് 63 ഗോളുകൾ നേടിയ ലിയോ മെസ്സിയുടെ സ്ഥാനം വരുന്നത്, നിലവിൽ പ്രൊഫഷണൽ ഫുട്ബോളിൽ തന്റെ കളി തുടർന്നുകൊണ്ടിരിക്കുന്ന ലിയോ മെസ്സിക്ക് ഈ ലിസ്റ്റിൽ ഇനിയും ഒരുപാട് മുന്നേറാൻ കഴിയും എന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. ലിയോ മെസ്സിക്ക് 15 ഫ്രീകിക്ക് ഗോളുകൾ ഇനി നേടാനായാൽ ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടുന്ന താരങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാൻ കഴിയും.