ക്യാപ്റ്റനും കോച്ചുമില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പഞ്ചാബിനെതിരെ ഇറങ്ങുന്നു |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ ആദ്യ വിജയം തേടി പുതുമുഖങ്ങളായ പഞ്ചാബ് എഫ്സി ഇന്ന് ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഗോവയോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് വിജയ വഴിയിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.

ഒമ്പത് മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ഐഎസ്എൽ 2023-24 പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി രണ്ടാം സ്ഥാനത്താണെങ്കിൽ, ഒമ്പത് കളികളിൽ നിന്ന് അഞ്ച് പോയിന്റുമായി പഞ്ചാബ് എഫ്‌സി താഴെ നിന്ന് രണ്ടാം സ്ഥാനത്താണ്.കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ മുൻ മത്സരത്തിൽ എഫ്‌സി ഗോവയോട് 1-0 ന് തോൽവി ഏറ്റുവാങ്ങി, അതിന് മുമ്പ് ചെന്നൈയിൻ എഫ്‌സിയുമായി 3-3 സമനില വഴങ്ങി. മുഖ്യ പരിശീലകൻ ഇവാൻ വുകമനോവിക് ഇല്ലാതെയാവും കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്.

ചെന്നൈയിനെതിരെയുള്ള മത്സരത്തിൽ റഫറിമാരെ വിമർശിച്ചതിന് സെർബിയൻ പരിശീലകന് ഒരു മത്സരത്തിൽ നിന്നും വിലക്കും പിഴയും ലഭിച്ചിരുന്നു. അതിനു പിന്നാലെ സൂപ്പർ താരം അഡ്രിയാൻ ലൂണക്ക് പരിക്കേറ്റതും ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.കേരള ബ്ലാസ്റ്റേഴ്സ് എഫ് സികോപ്പമുള്ള പരിശീലനത്തിനിടെ കാൽമുട്ടിലെ ലീഗ്മന്റിന് പരിക്ക് ബാധിച്ച അഡ്രിയാൻ ലൂണക്ക് സർജറി അത്യാവശ്യമാണ്. പരിക്ക് ബാധിച്ച ലീഗ്മെന്റുകൾ ശസ്ത്രക്രിയ ചെയ്ത് വിശ്രമം എടുത്തതിനു ശേഷം മാത്രമേ സൂപ്പർ താരത്തിനു കളിക്കാൻ കഴിയുകയുള്ളൂ.

അതിനാൽ തന്നെ പരിക്കിനുള്ള സർജറിക്ക് വേണ്ടി അഡ്രിയാൻ ലൂണ ഇന്ന് മുംബൈയിലേക്ക് പോയിട്ടുണ്ട്.എന്നാൽ ക്ലബ്ബിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായ ഒരു അറിയിപ്പും ഇതുവരെ വന്നിട്ടില്ല. ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിൽ വലിയ മാറ്റങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.