സഹതാരത്തിന്റെ ക്ലബ്ബ് റെക്കോർഡ് തകർക്കാൻ ലിയോ മെസ്സിക്ക് കഴിയുമോ? മുന്നിലുള്ള കടമ്പകൾ ഇത്രമാത്രം.. | Lionel Messi

സ്പാനിഷ് ക്ലബായ എഫ്സി ബാഴ്സലോണയുടെയും ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജർമയിന്റെയും മുൻ താരമായിരുന്ന അർജന്റീന നായകൻ ലിയോ മെസ്സി നിലവിൽ അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർമിയാമി ക്ലബ്ബിനു വേണ്ടിയുള്ള രണ്ടാമത്തെ മത്സരവും കളിച്ചു കഴിഞ്ഞു.

ക്രൂസ് അസൂളിനെതിരെ ഇന്റർ മിയാമി ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച ലിയോ മെസ്സി അവസാന നിമിഷം നേടുന്ന മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ തന്റെ ടീമിനെ വിജയിപ്പിച്ചിരുന്നു. ലീഗ് കപ്പിലെ തന്നെ രണ്ടാമത്തെ മത്സരത്തിൽ അറ്റ്ലാൻഡ യുണൈറ്റഡിനെതിരെ കളിക്കാൻ ഇറങ്ങിയ ലിയോ മെസ്സിയായിരുന്നു ഇന്റർമിയാമിയുടെ പുതിയ ക്യാപ്റ്റൻ. ആദ്യ ഇലവനിൽ കളിക്കാൻ ഇറങ്ങിയ ലിയോ മെസ്സി മത്സരത്തിലെ തന്റെ ആധിപത്യം തുടരുകയും ചെയ്തു.

8, 22 മിനിറ്റുകളിൽ ഇരട്ട ഗോളുകൾ നേടി ലിയോ മെസ്സി ഇന്റർമിയാമിയെ മുന്നിൽ നിന്ന് നയിച്ചപ്പോൾ മറ്റൊരു ഇന്റർമിയാമി താരമായ ടൈലർ കൂടി ഇരട്ട ഗോളുകൾ നേടിയതോടെ നാലു ഗോളുകളുടെ ചരിത്ര വിജയമാണ് അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർമിയാമി നേടിയത്. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയതിനൊപ്പം ഒരു അസിസ്റ്റ് കൂടി നേടാൻ ലിയോ മെസ്സിക്ക് കഴിഞ്ഞു.

2018ൽ സ്ഥാപിതമായ ഇന്റർമിയാമി ക്ലബ്ബിന്റെ നിലവിലെ ടോപ് സ്കോറർ അർജന്റീന താരമായ ഗോൺസാലോ ഹിഗയ്നാണ്. 29 ഗോളുകളാണ് ഇന്റർ മിയാമി ജേഴ്സിയിൽ മുൻ അർജന്റീന ദേശീയ ടീം താരമായ ഗോൺസാലോ ഹിഗയ്ൻ നേടിയിട്ടുള്ളത്.2020 മുതൽ 2022 വരെ ഇന്റർമിയാമിക്കൊപ്പം കളിച്ച താരം 67 മത്സരങ്ങളിൽ നിന്നാണ് 29 ഗോളുകൾ സ്കോർ ചെയ്യുന്നത്.

അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിക്കൊപ്പമുള്ള തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ച ലിയോ മെസ്സി ഇതിനകം തന്നെ രണ്ടു മത്സരങ്ങളിൽ നിന്നും 3 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. തന്റെ മുൻ സഹതാരമായിരുന്ന ഗോൺസാലോ ഹിഗയ്നിന്റെ ഇന്റർമിയാമിയിലെ ടോപ് സ്കോറർ റെക്കോർഡ് തകർക്കാൻ ലിയോ മെസ്സിക്ക് കഴിയുമോ ഇല്ലയോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ