വീണ്ടും വീണ്ടും ഗോളടിച്ചു ലിയോ മെസ്സി, വമ്പൻ വിജയത്തോടെ മിയാമി സെമിഫൈനലിൽ

അമേരിക്കൻ ഫുട്ബോളിലെ ലീഗ് കപ്പിൽ തുടർച്ചയായി ലിയോ മെസ്സിയുടെ ചിറകിലേറി വിജയം നേടിയ ഇന്റർ മിയാമി നാലുഗോളുകൾക്ക് എഫ്സി ഷാർലെറ്റിന് തകർത്തുകൊണ്ട് സെമിഫൈനലിൽ പ്രവേശനം നേടി, ക്വാർട്ടർ ഫൈനലിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്കായിരുന്നു ഇന്റർ മിയാമിയുടെ വിജയം.

ലിയോ മെസ്സിയുടെ വരവിനു ശേഷം മികച്ച ഫോമിലേക്ക് ഉയർന്ന ഇന്റർമിയാമി ടീം ഇന്നും വിജയം ലക്ഷ്യമാക്കിയാണ് കളിക്കാൻ ഇറങ്ങിയത്. ലീഗ് കപ്പിന്റെ കഴിഞ്ഞ മത്സരത്തിൽ പിറകിൽ പോയെങ്കിലും തിരിച്ചടിച്ചുകൊണ്ട് വിജയം നേടിയ ആത്മവിശ്വാസത്തിൽ കളിക്കാൻ ഇറങ്ങിയ ഇന്റർ മിയാമിയെ 12 മിനിറ്റില്‍ ലഭിച്ച പെനാൽറ്റി കിക്ക് ഗോളാക്കി മാറ്റികൊണ്ട് മാർട്ടിനസ് ലീഡ് നേടികൊടുത്തു.

32 മീനിറ്റിൽ ടൈലറിന്റെ ഗോളിലൂടെ ലീഡ് രണ്ടായി ഉയർത്തിയ ഇന്റർ മിയാമി ആദ്യപകുതി രണ്ടു ഗോളുകളുടെ ലീഡിൽ കളി അവസാനിപ്പിച്ചു. സെമിഫൈനലിൽ സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടാം പകുതിയിൽ കളിക്കാൻ ഇറങ്ങിയ ഇന്റർ മിയാമി 78 മിനിറ്റിൽ എഫ്സി ഷാർലെറ്റ് താരം മലാണ്ടയുടെ സെൽഫ് ഗോളിൽ ലീഡ് മൂന്നായി ഉയർത്തി. മത്സരത്തിന്റെ അവസാന നിമിഷം 86 മിനിറ്റ് മെസ്സിയുടെ ഗോൾ കൂടി എത്തിയതോടെ ഇന്റർമിയാമിയുടെ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയം മനോഹരമായി.

ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലെ മറ്റു മത്സരങ്ങൾ നിലവിൽ നടക്കുന്നതിനാൽ ഇന്റർമിയാമിയുടെ സെമിഫൈനലിലെ എതിരാളി ആരാണെന്ന് വ്യക്തമായിട്ടില്ല. ഓഗസ്റ്റ് 15നാണ് രണ്ട് സെമിഫൈനലുകളും അരങ്ങേറുന്നത്, തുടർന്ന് ഓഗസ്റ്റ് 19ന് ലീഗ് കപ്പിന്റെ ഫൈനൽ മത്സരവും അരങ്ങേറും. സൂപ്പർതാരമായ ലിയോ മെസ്സിയുടെ തകർപ്പൻ ഫോമിൽ ഇന്റർമിയാമി ലീഗ് കപ്പിന്റെ കിരീടം പ്രതീക്ഷിക്കുന്നുണ്ട്.