‘പാരീസിൽ കാര്യങ്ങൾ ബുദ്ധിമുട്ടായിരുന്നു’: ബാഴ്‌സലോണ വിടാൻ താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് ലയണൽ മെസ്സി |Lionel Messi

ഫ്രഞ്ച് ക്ലബായ പിഎസ്ജി വിട്ട് മേജർ ലീഗ് സോക്കറിലേക്ക് കൂടുമാറിയ അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇന്റർ മിയാമിക്കായി കളിച്ച ആറു മത്സരങ്ങളിൽ നിന്നും 9 ഗോളുകൾ നേടിയ മെസ്സി അവരെ ചരിത്രത്തിൽ ആദ്യമായി ലീഗ കപ്പ് ഫൈനലിൽ എത്തിക്കുകയും ചെയ്തു.

ലയണൽ മെസ്സി ക്ലബ്ബിലെത്തിയതിനു ശേഷം തോൽവി എന്താണെന്ന് മയാമി അറിഞ്ഞിട്ടില്ല.ഇന്റർ മിയാമിക്ക് വേണ്ടിയുള്ള തന്റെ ആദ്യ പത്രസമ്മേളനത്തിൽ ബാഴ്സലോണ വിട്ട് പിഎസ്ജിയിൽ ചേരാൻ താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് ലയണൽ മെസ്സി അഭിപ്രായപ്പെട്ടു.

“ബാഴ്‌സലോണ വിടാൻ ഞാൻ ആഗ്രഹിച്ചില്ല, അത് ഒറ്റരാത്രികൊണ്ട് എടുത്ത തീരുമാനമായിരുന്നു. എനിക്ക് ബാഴ്‌സലോണയിൽ തുടരാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എനിക്ക് മറ്റൊരു സ്ഥലത്തേക്ക് പോവേണ്ടി വന്നു.നഗരത്തിന്റെ കാര്യത്തിൽ ഞാൻ താമസിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു സ്ഥലം.ഇത് ബുദ്ധിമുട്ടായി, പക്ഷേ ഭാഗ്യവശാൽ, മിയാമിയിൽ ഇപ്പോൾ എനിക്ക് സംഭവിക്കുന്നത് അതിൽ നിന്നും വളരെ വ്യത്യസ്തമാണ് ”മെസ്സി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഞാൻ ഫുട്‌ബോളിൽ എല്ലാം നേടിയിട്ടുണ്ട്, എനിക്ക് നഷ്ടമായത് എന്റെ രാജ്യത്തിന് ലോകകപ്പ് ട്രോഫി മാത്രമായിരുന്നു, അതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം” മെസ്സി കൂട്ടിച്ചേർത്തു.“സങ്കീർണ്ണമായ രണ്ട് വർഷങ്ങൾക്ക് ശേഷം എന്റെ കരിയർ വീണ്ടും ആസ്വദിക്കാനാണ് ഞാൻ മിയാമിയിൽ വന്നത്. ഭാഗ്യവശാൽ, ഫുട്ബോളിന് മാത്രമല്ല, ദൈനംദിന ജീവിതത്തിനും ഞങ്ങൾ സന്തുഷ്ടരാകുന്ന സ്ഥലത്താണ് ഞാനും എന്റെ കുടുംബവും ഉള്ളത്” മെസ്സി പറഞ്ഞു.

ഞായറാഴ്‌ച നടക്കുന്ന ലീഗ്‌സ് കപ്പ് ഫൈനലിൽ നാഷ്‌വില്ലെയ്‌ക്കെതിരെ ഇന്റർ മിയാമി കൊമ്പുകോർക്കുമ്പോൾ മെസ്സിക്ക് തന്റെ പുതിയ ക്ലബിനായി തന്റെ ആദ്യ കിരീടം നേടാനുള്ള അവസരം ലഭിക്കും.