‘എനിക്കിനി ഒന്നും നേടാനില്ല, എല്ലാം നേടികഴിഞ്ഞു’ – ലിയോ മെസ്സി പറയുന്നത് ഇങ്ങനെ
ലോകഫുട്ബാൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ലിയോ മെസ്സി തന്റെ അന്താരാഷ്ട്ര കരിയറിൽ ഒന്നും നേടാതെയായിരുന്നു 2022 എന്ന വർഷത്തിലേക്ക് കടന്നത്, എന്നാൽ ഈയൊരു വർഷം കൊണ്ട് അർജന്റീനക്ക് വേണ്ടി സാധ്യമായ കിരീടങ്ങളെല്ലാം നേടി ലിയോ മെസ്സി ഒടുവിൽ ഖത്തറിലെ ഫിഫ ലോകകപ്പ് കൂടി നേടിയിട്ടാണ് 2022 വർഷത്തിന് അന്ത്യം കുറിച്ചത്.
ക്ലബ്ബ് ഫുട്ബോളിൽ സാധ്യമായ പ്രധാന കിരീടങ്ങളെല്ലാം നേടികഴിഞ്ഞ ലിയോ മെസ്സി അർജന്റീന ടീമിനോടൊപ്പം കോപ്പ അമേരിക്ക, ഫൈനലിസിമ, ഫിഫ വേൾഡ് കപ്പ് എന്നിവ സ്വന്ത്മാക്കി. തന്റെ കരിയറിൽ താൻ നേടിയിട്ടുള്ളതിൽ ഏറ്റവും മികച്ച നേട്ടം ഫിഫ വേൾഡ് കപ്പ് ആണെന്ന് ലിയോ മെസ്സി പറഞ്ഞിട്ടുണ്ട്. ബാലൻ ഡി ഓർ ലഭിക്കുന്നതിനേക്കാൾ മികച്ചത് ഈ വേൾഡ് കപ്പ് നേടിയതാണെന്നാണ് മെസ്സി പറയുന്നത്.
ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിലും ലിയോ മെസ്സി ഇക്കാര്യം പറയുകയുണ്ടായി. തന്റെ കരിയറിൽ ഇനി ഒന്നും നേടാൻ ബാക്കിയില്ല എന്നും നേടാൻ കഴിയുന്നതെല്ലാം നേടി കഴിഞ്ഞുവെന്നാണ് ലിയോ മെസ്സി പറഞ്ഞത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലെ കരാർ അവസാനിച്ചതിന് ശേഷം യൂറോപ്പിലെ ഫുട്ബോൾ ക്ലബ്ബുകളുടെ ഓഫർ തള്ളിയ ലിയോ മെസ്സി നിലവിൽ അമേരിക്കയിലെ മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് പന്ത് തട്ടാൻ ഒരുങ്ങുന്നത്.
Leo Messi: “I have nothing left to achieve, I have achieved everything.” @ESbeINSPORTS 🥶💥 pic.twitter.com/JnbFErgXd0
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 17, 2023
കഴിഞ്ഞ ദിവസം നടന്ന ഓസ്ട്രേലിയക്കെതിരായ അർജന്റീനയുടെ സൗഹൃദ മത്സരത്തിൽ ഗോൾ സ്കോർ ചെയ്ത് കൊണ്ട് അർജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിക്കാൻ ലിയോ മെസ്സി സഹായിച്ചിരുന്നു. ഇന്തോനേഷ്യക്കെതിരായ അടുത്ത സൗഹൃദ മത്സരത്തിൽ ലിയോ മെസ്സി കളിച്ചേക്കില്ല. അവധിക്കാലം ആഘോഷിച്ചതിന് ശേഷം ലിയോ മെസ്സി തന്റെ പുതിയ ക്ലബ്ബായ ഇന്റർ മിയാമിയോടൊപ്പം ചേർന്ന് പരിശീലനം ആരംഭിക്കും. ജൂലൈ മാസം അവസാനത്തോടെ സൂപ്പർ താരം ചേരുമെന്നാണ് ഇന്റർ മിയാമി പ്രതീക്ഷിക്കുന്നത്.