സൗദിയിൽ നടക്കുന്ന റൊണാൾഡോ-മെസി പോരാട്ടത്തിന്റെ ടെലികാസ്റ്റ് വിവരങ്ങൾ അറിയാം

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത് ആരാധകരെ ഞെട്ടിച്ച കാര്യമായിരുന്നു. യൂറോപ്യൻ ഫുട്ബോളിൽ നിന്നും റൊണാൾഡോ സൗദിയിലേക്ക് പോയതോടെ സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ടു താരങ്ങളായ റൊണാൾഡോയും മെസിയും തമ്മിലുള്ള പോരാട്ടം ഇനി കാണാൻ കഴിയില്ലെന്ന നിരാശ ഇവർക്കുമുണ്ടായിരുന്നു. എന്നാൽ റൊണാൾഡോ സൗദിയിൽ അരങ്ങേറ്റം കുറിക്കുന്നതു തന്നെ മെസിക്കെതിരെ കളിച്ചാണ്.

പിഎസ്‌ജിയുടെ മിഡിൽ ഈസ്റ്റ് ടൂറിന്റെ ഭാഗമായി അവർ സൗദിയിൽ മത്സരം കളിക്കുന്നുണ്ട്. റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ, മറ്റൊരു സൗദി ക്ലബായ അൽ ഹിലാൽ എന്നിവയിലെ താരങ്ങൾ അണിനിരന്ന ബെസ്റ്റ് ഇലവനാണ് പിഎസ്‌ജിക്കെതിരെ ഇറങ്ങുക. മത്സരത്തിൽ സൗദി ഇലവനെ നയിക്കുക റൊണാൾഡോയാണെന്നു നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. സൗദിയിലെ ആദ്യത്തെ മത്സരം തന്നെ ടീമിന്റെ നായകനായാണ് റൊണാൾഡോ കളത്തിലിറങ്ങുക.

ഫുട്ബോൾ പ്രേമികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടൊരു മത്സരമാണെങ്കിലും ഇന്ത്യയിൽ ഇതിന്റെ ടെലികാസ്റ്റ് ലഭ്യമാകില്ല. എന്നാൽ പിഎസ്‌ജിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മത്സരം കാണാൻ കഴിയും. മിഡിൽ ഈസ്റ്റ് അടക്കമുള്ള പ്രദേശങ്ങളിൽ ബീയിൻ സ്പോർട്ട്സും മത്സരം സംപ്രേഷണം ചെയ്യുന്നുണ്ട്. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരം സൗദി സമയം എട്ട് മണിക്കാണ് (ഇന്ത്യൻ സമയം 10.30) നടക്കുക.

സൗദി അറേബ്യയിലെ തന്റെ ആദ്യത്തെ മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനം പുറത്തെടുക്കുക എന്നതാവും ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് പ്രധാന ലക്‌ഷ്യം. അത് യൂറോപ്പിലെ ഏറ്റവും മികച്ച ടീമിനെതിരെ തന്നെയാകുന്നത് കൂടുതൽ ആനന്ദകരമാകും. നിലവിൽ പിഎസ്‌ജി അത്ര മികച്ച ഫോമിലല്ല കളിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഫ്രഞ്ച് ലീഗിൽ അവർ തോൽവി വഴങ്ങിയിരുന്നു.