മുഡ്രിക്കിനെ നഷ്‌ടമായ ആഴ്‌സണൽ ബാഴ്‌സലോണ താരത്തെ നോട്ടമിടുന്നു

ആഴ്‌സണൽ സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ച സമയത്താണ് യുക്രൈൻ താരമായ മിഖയിലോ മുഡ്രിക്കിന്റെ ട്രാൻസ്‌ഫർ ചെൽസി അട്ടിമറിക്കുന്നത്. ആഴ്‌സണൽ ഓഫർ ചെയ്‌തതിനേക്കാൾ കൂടിയ തുകയും വേതനവും നൽകിയാണ് ഷാക്തറിന്റെ മുന്നേറ്റനിര താരമായ മുഡ്രിക്കിനെ ചെൽസി സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ചെൽസിയുടെ മൈതാനമായ സ്റ്റാംഫോം ബ്രിഡ്‌ജിൽ ഇരുപത്തിരണ്ടുകാരനായ താരത്തെ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു.

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ആഴ്‌സണൽ കിരീടം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് ജനുവരിയിൽ പുതിയ സൈനിങ്‌ നടത്താൻ ഒരുങ്ങുന്നത്. എന്നാൽ അവർ നോട്ടമിടുന്ന താരങ്ങളെയെല്ലാം ചെൽസി സ്വന്തമാക്കുകയാണ്. നേരത്തെ അത്ലറ്റികോ മാഡ്രിഡ് താരമായ ജോവോ ഫെലിക്‌സിനെ ടീമിന്റെ ഭാഗമാക്കാൻ ആഴ്‌സണൽ ശ്രമിച്ചെങ്കിലും താരത്തെ ചെൽസി ലോൺ കരാറിൽ ടീമിലെത്തിച്ചു.

തങ്ങൾ നോട്ടമിട്ട താരങ്ങളെയെല്ലാം നഷ്‌ടമായ ആഴ്‌സനലിന്റെ അടുത്ത ലക്‌ഷ്യം ബാഴ്‌സലോണ താരമായ റാഫിന്യയാണ്. കഴിഞ്ഞ സമ്മറിലാണ് ലീഡ്‌സ് യുണൈറ്റഡിൽ നിന്നും റാഫിന്യയെ ബാഴ്‌സലോണ സ്വന്തമാക്കിയത്. എന്നാൽ പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം താരത്തിന് കാറ്റലൻ ജേഴ്‌സിയിൽ നടത്താൻ കഴിഞ്ഞില്ല. ഈ സീസണിൽ പതിനെട്ടു ലീഗ് മത്സരങ്ങളിൽ നിന്നും രണ്ടു ഗോളുകൾ മാത്രമാണ് താരം നേടിയത്.

റിപ്പോർട്ടുകൾ പ്രകാരം റാഫിന്യയെ ഒഴിവാക്കാൻ ബാഴ്‌സലോണയും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പരമാവധി അവസരങ്ങൾ ലഭിച്ചിട്ടും തിളങ്ങാൻ കഴിഞ്ഞില്ലെന്നതു തന്നെയാണ് കാരണം. എന്നാൽ 55 മില്യൺ പൗണ്ടോളം നൽകി സ്വന്തമാക്കിയ താരത്തെ അതിൽ കുറഞ്ഞ തുകക്ക് വിൽക്കാൻ ബാഴ്‌സലോണ തയ്യാറാകില്ല. ഇതിനു ആഴ്‌സണൽ തയ്യാറാകുമോയെന്നു കണ്ടറിയണം.

കഴിഞ്ഞ സമ്മറിൽ റാഫിന്യയെ സ്വന്തമാക്കാൻ ആഴ്‌സണലും ശ്രമം നടത്തിയിരുന്നു. എന്നാൽ താരം ബാഴ്‌സലോണയെയാണ് തിരഞ്ഞെടുത്തത്. പ്രീമിയർ ലീഗിൽ താരത്തിന് പരിചയസമ്പത്തുണ്ടെന്നതും ആഴ്‌സണലിന് ഗുണമാണ്. നിലവിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി എട്ടു പോയിന്റ് വ്യത്യാസത്തിലാണ് ആഴ്‌സണൽ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ റാഫിഞ്ഞയെ സ്വന്തമാക്കുന്നതിനരികിൽ ചെൽസി എത്തിയിരുന്നെങ്കിലും താരം ആ കരാർ തള്ളുകയായിരുന്നു, അതുകൊണ്ടുതന്നെ ചെൽസി ഇനി ഒരു ശ്രമം നടത്താനുള്ള സാധ്യതയും കുറവാണ്.