മത്സരത്തിനു മുൻപേ തന്നെ ഞങ്ങൾ മികച്ചതല്ലെന്ന് അറിയാമായിരുന്നു, തോൽവി പാഠമാണെന്ന് കാർലോ ആൻസലോട്ടി

കഴിഞ്ഞ സീസണിൽ ലാ ലിഗയും ചാമ്പ്യൻസ് ലീഗും നേടി മികച്ച ഫോമിലായിരുന്ന റയൽ മാഡ്രിഡിനെ ഈ സീസണിൽ ബാഴ്‌സലോണ പിന്നിലാക്കി കൊണ്ടിരിക്കുകയാണ്. ലാ ലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണ ഇന്നലെ നടന്ന സ്‌പാനിഷ്‌ സൂപ്പർകപ്പ് മത്സരത്തിൽ റയൽ മാഡ്രിഡിനെ കീഴടക്കി. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടിയ ബാഴ്‌സലോണ സാവി പരിശീലകനായതിനു ശേഷം ആദ്യത്തെ കിരീടം കൂടിയാണ് സ്വന്തമാക്കിയത്.

റയൽ മാഡ്രിഡിനെതിരെ തീർത്തും ആധികാരികമായാണ് ബാഴ്‌സലോണ സൂപ്പർകപ്പ് ഫൈനലിൽ വിജയം നേടിയത്. മത്സരത്തിൽ ഒരു സമയത്തും റയൽ മാഡ്രിഡിന് യാതൊരു മുൻതൂക്കവും ഉണ്ടായിരുന്നില്ല. അതേസമയം നിരവധി മികച്ച അവസരങ്ങളാണ് ബാഴ്‌സലോണക്ക് ലഭിച്ചത്. ബാഴ്‌സലോണക്ക് ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്തിരുന്നെങ്കിൽ റയൽ മാഡ്രിഡ് നാണം കേട്ട തോൽവി ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു.

“ഞങ്ങൾ ഈ തോൽ‌വിയിൽ നിന്നും പാഠം പഠിക്കണം. ഇതൊരു ബുദ്ധിമുട്ടേറിയ സമയമാണ്. ഞങ്ങൾക്ക് തിരിച്ചു വരാൻ ഒരുപാടൊന്നും ചെയ്യേണ്ടതില്ല. ടീം ഏറ്റവും മികച്ച അവസ്ഥയിലല്ല ഉള്ളതെന്ന് ഞങ്ങൾക്ക് മത്സരത്തിനു മുൻപേ തന്നെ അറിയാമായിരുന്നു. അടുത്ത മത്സരത്തിനായി നല്ല രീതിയിൽ തയ്യാറെടുക്കുകയാണ് ഞങ്ങൾ ചെയ്യേണ്ടത്. ഈ മത്സരം ഞങ്ങളുടെ കുറവുകൾ അറിയാൻ സഹായിച്ചു.” ആൻസലോട്ടി പറഞ്ഞു.

പ്രതിരോധതാരം ഡേവിഡ് അലബ, മധ്യനിര താരം ഷുവാമേനി തുടങ്ങിയവരെല്ലാം പരിക്കിന്റെ പിടിയിലായിരുന്നത് റയൽ മാഡ്രിഡിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. എന്നാൽ മത്സരത്തിൽ ഒരു സമയത്തും റയൽ മാഡ്രിഡ് യാതൊരു പോരാട്ടവീര്യവും കാണിച്ചില്ലെന്നത് നിരാശപ്പെടുത്തുന്ന കാര്യമായി. ബാഴ്‌സക്കെതിരായ മത്സരങ്ങളിൽ വിജയം നേടാൻ എല്ലാ തരത്തിലും പൊരുതുമായിരുന്ന റയൽ മാഡ്രിഡിന്റെ നിഴൽ മാത്രമാണ് മൈതാനത്തു കണ്ടത്.

അതേസമയം ഈ വിജയം ബാഴ്‌സലോണയ്ക്ക് ആത്മവിശ്വാസം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയ ടീം യൂറോപ്പ ലീഗ് പ്ലേ ഓഫിൽ മികച്ച ഫോമിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയാണ് നേരിടേണ്ടത്. ആ മത്സരത്തിലും ലീഗ് കിരീടത്തിനായി പൊരുതാനും ഈ വിജയം ബാഴ്‌സലോണയെ സഹായിക്കും.