ഗോളുകളടിച്ചു കൂട്ടി ലയണൽ മെസിയുടെ റെക്കോർഡ് തകർത്ത് എർലിങ് ഹാലൻഡ്
ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിനു ശേഷം ഗോളടിവേട്ടയിൽ പുതിയൊരു രൂപമാണ് നോർവീജിയൻ താരം എർലിങ് ഹാലൻഡ് കാഴ്ച വെക്കുന്നത്. പ്രീമിയർ ലീഗിൽ ചുവടുറപ്പിക്കാൻ ഹാലാൻഡ് ബുദ്ധിമുട്ടുമെന്നു പറഞ്ഞവരുടെ വായടപ്പിച്ച് പ്രീമിയർ ലീഗിൽ ഇതുവരെ കളിച്ച പതിനാല് മത്സരങ്ങളിൽ നിന്നും ഇരുപതു ഗോളുകൾ താരം നേടിക്കഴിഞ്ഞു. പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ ഇരുപതു ഗോളുകൾ തികക്കുന്ന താരവും ഹാലൻഡ് തന്നെയാണ്. ഇതേ ഫോം തുടർന്നാൽ ഈ സീസണിൽ പല പ്രീമിയർ ലീഗ് റെക്കോർഡുകളും താരം കടപുഴക്കുമെന്നതിൽ സംശയമില്ല.
കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലീഡ്സിനെതിരെ ഇരട്ടഗോളുകൾ നേടി മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ച താരം ലയണൽ മെസിയുടെ ഒരു റെക്കോർഡും തകർക്കുകയുണ്ടായി. മെസിയെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി ഉയർത്തിയെടുക്കാൻ സഹായിച്ച പരിശീലകൻ പെപ് ഗ്വാർഡിയോളയുമായി ബന്ധപ്പെട്ട മെസിയുടെ റെക്കോർഡാണ് ഹാലാൻഡ് പഴങ്കഥയാക്കിയത്. പെപ് ഗ്വാർഡിയോള പരിശീലകനായിരിക്കുമ്പോൾ ഏറ്റവും വേഗത്തിൽ ഇരുപത്തിയഞ്ചു ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഇപ്പോൾ നോർവീജിയൻ താരത്തിന്റെ പേരിലാണ്.
മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിനു ശേഷം ഇരുപത്തിയഞ്ചു ഗോളുകൾ നേടാൻ ഹാലാൻഡിന് വേണ്ടി വന്നത് ഇരുപതു മത്സരങ്ങൾ മാത്രമാണ്. അതേസമയം ലയണൽ മെസി ഗ്വാർഡിയോളക്കു കീഴിൽ ഇരുപത്തിയഞ്ചു ഗോളുകൾ നേടിയത് ഇരുപത്തിയെട്ടു മത്സരങ്ങൾ കളിച്ചാണ്. മുപ്പതു മത്സരങ്ങളിൽ നിന്നും ഇരുപത്തിയഞ്ചു ഗോളുകൾ നേടിയ സാമുവൽ എറ്റൂ, മുപ്പത്തിയഞ്ചു മത്സരങ്ങളിൽ നിന്നും ഇരുപത്തിയഞ്ചു ഗോളുകൾ നേടിയ സെർജിയോ അഗ്യൂറോ, 41 മത്സരങ്ങളിൽ നിന്നും അത്രയും ഗോളുകൾ നേടിയ ഫ്രഞ്ച് താരം തിയറി ഹെൻറി എന്നിവരാണ് ഈ റെക്കോർഡിൽ ബാക്കി സ്ഥാനങ്ങളിൽ നിൽക്കുന്നത്.
25 – Erling Haaland has scored 25 goals in 20 appearances under Pep Guardiola; this is the quickest that any player has reached 25 goals under Guardiola with top-flight clubs:
— OptaJoe (@OptaJoe) December 28, 2022
20 – Erling Haaland
28 – Lionel Messi
30 – Samuel Eto'o
35 – Sergio Agüero
41 – Thierry Henry
Greats. pic.twitter.com/zXaNazJbmE
മെസിയുടേത് മാത്രമല്ല, കരിയറിൽ ഒട്ടനവധി റെക്കോർഡുകൾ ഹാലാൻഡ് സ്വന്തം പേരിലാക്കുമെന്നതിൽ സംശയമില്ല. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങൾക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ സലാ, സോൺ എന്നിവർ ഇരുപത്തിമൂന്നു ഗോളുകൾ മാത്രം നേടിയപ്പോഴാണ് ഈ സീസണിൽ ഇരുപതിലധികം മത്സരങ്ങൾ ഇനിയും ബാക്കിയുള്ളപ്പോൾ തന്നെ ഇരുപതു പ്രീമിയർ ലീഗ് ഗോളുകൾ ഹാലാൻഡ് നേടിയിരിക്കുന്നത്.