പ്രീമിയർ ലീഗ് ക്ലബ്ബിനോട് അടുത്ത് അർജന്റീനയുടെ യങ് സെൻസേഷൻ എൻസോ ഫെർണാണ്ടസ്

ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുത്ത അർജന്റീനയുടെ എൻസോ ഫെർണാണ്ടസിന് വേണ്ടി വമ്പൻ ക്ലബ്ബുകൾ രംഗത്ത്, പോർച്ചുഗലിലെ ബെൻഫികക്ക് വേണ്ടി കളിക്കുന്ന 21കാരന് ചെൽസി വിലയിട്ടു. മധ്യനിരയിൽ ഡിഫൻസീവ് മിഡ്ഫീൽഡറായും അറ്റാക്കിങ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള താരമാണ് എൻസോ ഫെർനാണ്ടസ്.

120 മില്യൺ യൂറോ നൽകിയാണ് അർജന്റീനയുടെ ഈ യുവതാരത്തെ ചെൽസി സ്റ്റാം ഫോർഡ് ബ്രിഡ്ജിൽ എത്തിക്കുന്നത്.120 മില്യൺ റിലീസ് ക്ലോസുള്ള ബെൻഫിക്ക താരത്തിന് മുഴുവൻ തുകയും നൽകി കൊണ്ടാണ് ചെൽസി സ്വന്തം തട്ടകത്തിൽ എത്തിക്കുന്നത്. റിവർ പ്ലേറ്റിൽ നിന്നും ഈ സീസണിൽ വെറും 30 മില്യൺ യൂറോ നൽകിയാണ് ഈ യുവതാരത്തെ ബെൻഫിക സ്വന്തമാക്കിയത്. അർജന്റീനയുടെ ലോകകപ്പ് മത്സരങ്ങളിലെ തകർപ്പൻ പ്രകടനമാണ് താരത്തിനും ബെൻഫികക്കും ഒരുപോലെ നേട്ടമുണ്ടാക്കുന്നത്, സീസൺ പകുതി പോലും ആവുന്നതിനു മുൻപ് തന്നെ നാലിരട്ടിയലധികമാണ് താരത്തെ വെച്ച് ബെൻഫിക നേട്ടമുണ്ടാക്കാൻ പോകുന്നത്.

നിലവിൽ ചെൽസിയുടെ മധ്യനിര താരങ്ങളായ എങ്കോളോ കാന്റെ, ജോർജ്ജിനോ എന്നിവരുടെ കരാറുകൾ ഈ സീസണോടുകൂടി അവസാനിക്കുകയാണ്, അതുകൊണ്ടുതന്നെയാണ് പൊന്നും വിലക്ക് അർജന്റീന സൂപ്പർതാരത്തെ ചെൽസി പരിശീലകൻ ഗ്രഹാം പോട്ടർ ധൃതിയോടുകൂടി താരത്തെ ടീമിൽ എത്തിക്കുന്നത്.

ചെൽസിയിലേക്ക് വരാൻ എൻസോ ഫെർണാണ്ടസ് സമ്മതിച്ചതായി പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റ് ഫെബ്രിസിയോ റൊമാനോ വ്യക്തമാക്കുന്നു. എന്നാൽ താരത്തെയെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും രംഗത്തുണ്ടെങ്കിലും ഇതുവരെ ഒരു ഓഫർ ബെൻഫികക്ക് നൽകിയിട്ടില്ല. മറ്റൊരു വമ്പൻമാരായ റയൽ മാഡ്രിഡും താരത്തിനു വേണ്ടി രംഗത്തുണ്ടെങ്കിലും ചെൽസിയോട് മത്സരിച്ച് ഇത്രയും തുക കൊടുത്തു ബെർണാബ്യൂവിൽ എത്തിക്കുവാനുള്ള സാധ്യതയും കുറവാണ്