‘യെസ് ‘ പറഞ്ഞ് എൻസോ, താരം പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് തന്നെ 

ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ സൂപ്പർതാരമാണ് എൻസോ ഫെർണാണ്ടസ്.അത്രയേറെ മികവിലായിരുന്നു അർജന്റീനക്ക് വേണ്ടി അദ്ദേഹം ഖത്തറിൽ കളിച്ചിരുന്നത്.ലിയാൻഡ്രോ പരേഡസിന്റെ സ്ഥാനത്ത് സ്ഥിര സാന്നിദ്ധ്യമാവാനും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാനും ഈ ബെൻഫിക്ക താരത്തിന് കഴിഞ്ഞിരുന്നു.

വേൾഡ് കപ്പ് അവസാനിച്ചതോടുകൂടി താരത്തിന് സ്വന്തമാക്കാൻ വേണ്ടിയുള്ള ക്ലബ്ബുകളുടെ ഒഴുക്കായിരുന്നു നമുക്ക് കാണാൻ സാധിച്ചത്.യൂറോപ്പിലെ പ്രധാനപ്പെട്ട ക്ലബ്ബുകൾ എല്ലാവരും തന്നെ ഈ അർജന്റീന താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. പ്രീമിയർ ലീഗ് ക്ലബ്ബുകളായ ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരായിരുന്നു മുമ്പിൽ ഉണ്ടായിരുന്നത്.

പക്ഷേ പിന്നീടാണ് ചെൽസി മുന്നോട്ടുവന്നത്. ഇപ്പോൾ കാര്യങ്ങൾ ചെൽസിയുടെ കൈപ്പിടിയിലാണ്. ചെൽസിയോട് എൻസോ ഫെർണാണ്ടസ് യെസ് പറഞ്ഞുകഴിഞ്ഞു എന്നാണ് ഫാബ്രിസിയോ റൊമാനോ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചെൽസിയിലേക്ക് പോകാൻ തന്നെയാണ് ഈ അർജന്റീന താരം ഇപ്പോൾ താൽപര്യപ്പെടുന്നത്.

ഒരു വലിയ ഓഫർ താരത്തിന് വേണ്ടി സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ചെൽസി.120 മില്യൺ യൂറോയാണ് എൻസോയുടെ റിലീസ് ക്ലോസ്.അത് ലഭിച്ചാൽ മാത്രമേ താരത്തെ കൈവിടുകയുള്ളൂ എന്നുള്ള നിലപാടിലാണ് താരത്തിന്റെ ക്ലബ്ബായ ബെൻഫിക്കയുള്ളത്. അതുകൊണ്ടുതന്നെ ചെൽസി താരത്തിനു വേണ്ടി 120 മില്യൺ യൂറോയുടെ ഒരു ഓഫർ സമർപ്പിക്കേണ്ടി വന്നേക്കും.

മാഞ്ചസ്റ്റർ യുണൈറ്റഡോ ലിവർപൂളോ മറ്റുള്ള ക്ലബ്ബുകൾ ഒന്നും തന്നെ വലിയ ഓഫറുകൾ ഇപ്പോൾ സമർപ്പിച്ചിട്ടില്ല. നിലവിലെ അവസ്ഥകൾ പരിഗണിക്കുമ്പോൾ എൻസോ ഫെർണാണ്ടസ് ചെൽസിക്ക് സ്വന്തമാകാൻ തന്നെയാണ് സാധ്യതകൾ ഉള്ളത്.