‘ യെസ് ‘ പറഞ്ഞ് മാക്ക് ആലിസ്റ്റർ, സ്വന്തമാക്കുന്നത് വമ്പന്മാർ

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു അർജന്റീനയുടെ സൂപ്പർതാരമായ അലക്സിസ്‌ മാക്ക് ആല്ലിസ്റ്റർ നടത്തിയിരുന്നത്. പരിക്കിന്റെ കാരണത്താൽ ലോ സെൽസോക്ക് വേൾഡ് കപ്പ് നഷ്ടപ്പെട്ടപ്പോൾ ഏവരും ആശങ്കപ്പെട്ടിരുന്നത് ആ വിടവ് ഏത് താരം നികത്തും എന്നായിരുന്നു. എന്നാൽ എല്ലാവരുടെയും ആശങ്കകളെ വഴിമാറ്റി കൊണ്ടാണ് മാക്ക് ആലിസ്റ്റർ ആ റോൾ ഭംഗിയായി നിർവഹിച്ചത്.

ഒരു ഗോളും ഒരു അസിസ്റ്റും ഈ വേൾഡ് കപ്പിൽ തന്റെ പേരിൽ എഴുതിച്ചേർക്കാൻ ഈ സൂപ്പർതാരത്തിന് സാധിച്ചിട്ടുണ്ട്. വേൾഡ് കപ്പ് അവസാനിച്ചതോടുകൂടി ഈ അർജന്റീനക്കാരന്റെ വാല്യൂ വളരെയധികം ഉയർന്നിരുന്നു. മാത്രമല്ല ഒരുപാട് ക്ലബ്ബുകൾ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി മുന്നോട്ടു വരികയും ചെയ്തിരുന്നു.ആഴ്സണൽ,ചെൽസി,അത്ലറ്റിക്കോ മാഡ്രിഡ് എന്നിവരൊക്കെ അതിൽപ്പെട്ട ടീമുകളായിരുന്നു.

പക്ഷേ ഈ മൂന്ന് ക്ലബ്ബുകൾക്കും ശേഷമാണ് ഇറ്റാലിയൻ ലീഗിലെ പ്രമുഖ ക്ലബ്ബായ യുവന്റസ് താരത്തിന് വേണ്ടി മുന്നോട്ടുവന്നത്. ഇപ്പോഴിതാ താരത്തെ സ്വന്തമാക്കുന്നതിന്റെ അരികിൽ യുവന്റസ് എത്തിക്കഴിഞ്ഞു.യുവന്റസിനോട് മാക്ക് ആല്ലിസ്റ്റർ യെസ് പറഞ്ഞുകഴിഞ്ഞു എന്നാണ് ഇറ്റാലിയൻ മീഡിയയായ ലാ ഗസറ്റ ഡെല്ലോ സ്പോർട് പുറത്ത് വിട്ടിരിക്കുന്നത്.

യുവന്റസിന്റെ പരിശീലകനായ അല്ലെഗ്രിക്ക് വളരെയധികം താല്പര്യമുള്ള താരം കൂടിയാണ് മാക്ക് ആല്ലിസ്റ്റർ. അവരുടെ സൂപ്പർ താരമായ മക്കെന്നിയെ ഒഴിവാക്കാൻ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. ആ സ്ഥാനത്തേക്കാണ് ഇപ്പോൾ അലക്സിസ് മാക്ക് ആല്ലിസ്റ്ററെ കൊണ്ടുവരാൻ യുവന്റസ് തീരുമാനിച്ചിട്ടുള്ളത്.എത്രയും പെട്ടെന്ന് ഈ ഡീൽ പൂർത്തിയാക്കാനാണ് യുവന്റസ് പരിശീലകൻ ക്ലബ്ബിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

പക്ഷേ സാമ്പത്തികമായ പ്രശ്നങ്ങൾ ഇപ്പോഴും യുവന്റസിന് വലിയ തലവേദനയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. 35 മുതൽ 40 മില്യൺ യൂറോ വരെയാണ് ഈ അർജന്റീന താരത്തിന് വേണ്ടി യുവന്റസ് ആവശ്യപ്പെടുന്നത്. പക്ഷേ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ താരങ്ങളെ വിൽക്കാതെ 40 മില്യൺ യൂറോ ഒന്നും നൽകാൻ നിലവിലെ അവസ്ഥയിൽ യുവന്റസിന് സാധിക്കില്ല. ചുരുക്കത്തിൽ ഈ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചാൽ മാത്രമേ ജനുവരിയിൽ മാക്ക് ആല്ലിസ്റ്റർ യുവന്റസിൽ എത്തുകയുള്ളൂ. മറ്റു അർജന്റീന താരങ്ങളായ ഡി മരിയ,പരേഡസ്‌ എന്നിവർ യുവന്റസിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.