ലോകകിരീടം നേടിയതോടെ മെസ്സി ഒന്നും അവസാനിപ്പിച്ചെന്ന് കരുതരുത്; എതിരാളികൾക്ക് മുന്നറിയിപ്പുമായി അർജന്റീന ഫുട്ബോൾ തലവൻ
ലയണൽ മെസ്സിയുടെ കരിയറിലെ ഏറ്റവും മനോഹരമായ മൂഹൂർത്തങ്ങൾക്കാണ് അവസാന രണ്ട് വർഷങ്ങളിൽ നടന്നത്. ക്ലബ് ഫുട്ബോളിലും വ്യക്തിഗത കരിയറിലും റെക്കോർഡുകളും പുരസ്കാരങ്ങളും വാരിക്കൂട്ടിയ മെസ്സിക്ക് മുന്നിലെ പ്രധാന കടമ്പ അർജന്റീനിയൻ ദേശീയ കുപ്പായത്തിൽ ഒരു കിരീടമില്ല എന്നതായിരുന്നു. അർജന്റീനിയൻ ജേഴ്സിയിൽ മെസ്സി തികഞ്ഞ പരാജയമായിരുന്നു എന്ന് വരെ അദ്ദേഹത്തിൻറെ വിമർശകർ പരിഹസിച്ചു കൊണ്ടിരുന്നു.
എന്നാൽ അവസാന രണ്ട് വർഷങ്ങൾ വിമർശകരുടെ വായടപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു മെസ്സി. രണ്ടു വർഷത്തിനിടയിൽ കോപ്പ അമേരിക്ക, ഫൈനലിസിമ എന്നിവ സ്വന്തമാക്കിയ മെസ്സി കഴിഞ്ഞ വർഷം ഖത്തറിൽ ലോകകിരീടം ഉയർത്തി ദേശീയ കുപ്പായത്തിൽ കിരീടമില്ലെന്ന വിമർശകരുടെ പരാതിയും അവസാനിപ്പിച്ചു. ഫുട്ബോളിൽ ലോകത്ത് മെസ്സി ഖത്തറി ലൂടെ പൂർണനായിരിക്കുകയാണ്.
എന്നാൽ മെസ്സിയുടെ നേട്ടങ്ങൾ ഇവിടം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല എന്ന ഓർമ്മപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അർജന്റീന എഫ്എ പ്രസിഡന്റ് ക്ലൗഡിയോ ടാപ്പിയ. മുപ്പത്തിയാറു വയസിലേക്ക് നീങ്ങുന്ന ലയണൽ മെസി എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയെങ്കിലും ഇവിടം കൊണ്ട് ഒന്നും അവസാനിക്കില്ലെന്നാണ് ടാപ്പിയയുടെ വാക്കുകൾ.
“ലയണൽ മെസിയുടെ ഏറ്റവും മികച്ച രൂപമാണ് ഖത്തർ ലോകകപ്പിൽ നമുക്ക് കാണാൻ സാധിച്ചത്, ഓരോ മത്സരത്തിലും മെസ്സി കൂടുതൽ മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്. ‘കരിയറിലെ എന്റെ സമയമെല്ലാം കഴിഞ്ഞു’ എന്നു പല താരങ്ങളും പറയുന്ന സമയത്താണ് ലയണൽ മെസി അർജന്റീനക്കൊപ്പം ലോകകപ്പ് കിരീടം ഉയർത്തിയത്. ഈ കിരീടം നേടാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷവുമുണ്ട്. ഞങ്ങളുടെ കൂടെ ലയണൽ മെസി ഇനിയും തുടരും. അടുത്ത വർഷത്തെ കോപ്പ അമേരിക്ക ഞങ്ങൾക്ക് മുന്നിലുണ്ട്. അതിനാൽ മെസ്സിയുടെ കാര്യത്തിൽ ഒന്നും അവസാനിച്ചിട്ടില്ല.ഇനിയും കിരീടങ്ങൾ നേടുന്നത് തുടർന്നു കൊണ്ടിരിക്കും.” ടാപ്പിയ പറഞ്ഞു.
Chiqui Tapia: “We had the best version of Messi in this World Cup: each game he was better. He managed to become world champion at an age that perhaps many say: 'hey, my time has passed'.
— All About Argentina 🛎🇦🇷 (@AlbicelesteTalk) May 17, 2023
Football has these things and we have to be proud they have achieved this title. And we… pic.twitter.com/6rGkbTce8b
അതെ സമയം മെസ്സിയുടെ ഭാവിയെ പറ്റിയും അദ്ദേഹം മനസ്സ് തുറന്നു. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ പരിക്കിന്റെ പ്രശ്നങ്ങൾ ഇല്ലെങ്കിൽ മെസി കളിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അടുത്ത ലോകകപ്പിൽ മെസ്സിയുണ്ടാവുമോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. ഖത്തറിൽ കിരീടം നേടിയെങ്കിലും മെസ്സി അടുത്ത ലോകകപ്പിലും കളിക്കണമെന്ന് അദ്ദേഹത്തിൻറെ ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അടുത്ത ലോകകപ്പിനെ പറ്റി മെസ്സി ഇത് വരെയും മനസ്സ് തുറന്നിട്ടില്ല.