കഴിഞ്ഞ 10 വർഷത്തെ ഏറ്റവും അണ്ടർറേറ്റഡായ താരമാണ് എയ്ഞ്ചൽ ഡി മരിയ:താരത്തെ വാനോളം പ്രശംസിച്ച് മൊറാറ്റ

ഫുട്ബോൾ ലോകത്തെ ഒട്ടേറെ പ്രധാനപ്പെട്ട ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് എയ്ഞ്ചൽ ഡി മരിയ.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ പോലും എവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഡി മരിയ പുറത്തെടുത്തിരുന്നത്.ഫൈനലിൽ ഫ്രാൻസിനെതിരെ താരം ഗോൾ കണ്ടെത്തിയിരുന്നു.നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന് വേണ്ടിയാണ് ഡി മരിയ കളിച്ചു കൊണ്ടിരിക്കുന്നത്.

സീസണിന്റെ തുടക്കത്തിൽ അത്ര മികവ് ഇറ്റലിയിൽ പുറത്തെടുക്കാൻ ഡി മരിയക്ക് കഴിഞ്ഞിരുന്നില്ല.പക്ഷേ പിന്നീട് താരം മികവിലേക്ക് ഉയർന്നുവന്നു.ഇപ്പോൾ താരത്തിന്റെ കോൺട്രാക്ട് ഒരു വർഷത്തേക്ക് കൂടി പുതുക്കാനുള്ള തീരുമാനത്തിലാണ് യുവന്റസ് ഉള്ളത്.ഈ വേൾഡ് കപ്പിന് ശേഷം അർജന്റീനയുടെ ജേഴ്സി അഴിച്ചു വെക്കും എന്ന തീരുമാനം നേരത്തെ ഡി മരിയ എടുത്തിരുന്നുവെങ്കിലും ആ തീരുമാനം അദ്ദേഹം മാറ്റുകയായിരുന്നു.അടുത്ത കോപ്പ അമേരിക്കയിലും നമുക്ക് അദ്ദേഹത്തെ കാണാൻ സാധിച്ചേക്കും.

ഡി മരിയയെക്കുറിച്ച് മനസ്സ് തുറന്ന് സംസാരിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ മുൻ സഹതാരവും സ്പാനിഷ് സൂപ്പർതാരവുമായ അൽവാരോ മൊറാറ്റ.കഴിഞ്ഞ 10 വർഷത്തെ ഏറ്റവും അണ്ടർറേറ്റഡായ താരമാണ് ഡി മരിയ എന്നാണ് മൊറാറ്റ പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ 10 വർഷത്തെ ഏറ്റവും മികച്ച 5 താരങ്ങളിൽ ഡി മരിയക്ക് ഇടമുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ടിവൈസിയാണ് ഈ വാക്കുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

‘ഞാൻ ഡി മരിയക്കൊപ്പം കളിച്ചിട്ടുണ്ട്. അദ്ദേഹവും ഞാനും ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുമുണ്ട്.കഴിഞ്ഞ 10 വർഷത്തിനിടയിലുള്ള ഏറ്റവും അണ്ടർറേറ്റഡായിട്ടുള്ള താരമാണ് ഡി മരിയ.ലോകത്തെ ഏറ്റവും മികച്ച അഞ്ച് താരങ്ങളുടെ പട്ടികയിൽ എപ്പോഴും അദ്ദേഹത്തിന് ഇടം നൽകേണ്ടതുണ്ട്.അത്രയധികം പ്രതിഭയുള്ള പ്രതിഭാസമാണ് ഡി മരിയ ‘ഇതാണ് മൊറാറ്റ പറഞ്ഞിട്ടുള്ളത്.

നാല് ഗോളുകളും 4 അസിസ്റ്റുകളുമാണ് ഇത്തവണത്തെ ഇറ്റാലിയൻ ലീഗിൽ ഈ അർജന്റൈൻ സൂപ്പർ താരം സ്വന്തമാക്കിയിട്ടുള്ളത്.ഒരു വർഷം കൂടി യൂറോപ്പിൽ തുടരാനായിരിക്കും താരത്തിന്റെ പദ്ധതി.അടുത്ത കോപ്പ അമേരിക്ക ടൂർണ്ണമെന്റിന് ശേഷം അർജന്റീനയിലേക്ക് തന്നെ ഡി മരിയ മടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.