മെസിക്ക് ശേഷം അർജന്റീനയുടെ ഫ്രീകിക്ക് ടേക്കറാവാൻ അൽമാഡ, വീണ്ടും കിടിലൻ ഗോൾ

ഖത്തർ ലോകകപ്പിനുള്ള അർജന്റീന സ്‌ക്വാഡിലേക്ക് അവസാനമാണ് തിയാഗോ അൽമാഡക്ക് അവസരം ലഭിച്ചത്. ഏതാനും മത്സരങ്ങളിൽ പകരക്കാരനായി മാത്രമേ താരത്തിന് അവസരവും ലഭിച്ചുള്ളൂ. എന്നാൽ ലോകകപ്പിന് ശേഷം ക്ലബ് തലത്തിൽ താരം നടത്തുന്ന പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. അമേരിക്കൻ ലീഗിൽ അറ്റലാന്റ യുണൈറ്റഡ് എഫ്‌സിയുടെ താരമാണ് തിയാഗോ അൽമാഡ.

ഫ്രീകിക്ക് ഗോളുകൾ നേടാനുള്ള തന്റെ കഴിവ് അൽമാഡ പലപ്പോഴും ലോകത്തിനു മുന്നിൽ കാണിച്ചു കൊടുത്തിട്ടുണ്ട്. ഡെഡ് ബോളിൽ താരത്തിനുള്ള മേധാവിത്വം ഈ സീസണിൽ തന്നെ പല മത്സരങ്ങളിൽ കണ്ടതാണ്. ഇപ്പോൾ ഈ സീസണിലെ മൂന്നാമത്തെ ഫ്രീ കിക്ക് ഗോൾ നേടിയാണ് ഇരുപത്തിരണ്ടുകാരനായ അർജന്റീന താരം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കൊളറാഡോ റാപ്പിഡ്‌സിനെതിരെ അൽമാഡ പത്താം മിനുട്ടിൽ പെനാൽറ്റി പുറത്തേക്കടിച്ചു കളഞ്ഞിരുന്നു. എന്നാൽ അതിനു പ്രായശ്ചിത്തം ചെയ്‌താണ്‌ ഇരുപത്തിയൊമ്പതാം മിനുട്ടിൽ താരം ഫ്രീ കിക്ക് ഗോൾ നേടുന്നത്. ബോക്‌സിന് തൊട്ടു പുറത്തു നിന്നും താരം എടുത്ത വലംകാൽ ഷോട്ട് വലക്കുള്ളിലെക്ക് പോകുമ്പോൾ ഗോൾകീപ്പർക്ക് നിന്നിടത്തു നിന്നും അനങ്ങാനുള്ള സമയം പോലും ലഭിച്ചില്ല.

മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് അറ്റ്‌ലാന്റാ യുണൈറ്റഡ് വിജയിച്ചു. ഈ സീസണിൽ ക്ലബിനായി മികച്ച ഫോമിലാണ് അൽമാഡ കളിക്കുന്നത്. പതിനൊന്നു മത്സരങ്ങൾ കളിച്ച താരം ആറു ഗോളും ആറു അസിസ്റ്റും സ്വന്തമാക്കി. ലോകകപ്പിന് ശേഷം മാർച്ചിൽ നടന്ന സൗഹൃദ മത്സരങ്ങളിൽ അർജന്റീനക്ക് വേണ്ടി ആദ്യത്തെ ഗോൾ നേടാനും താരത്തിന് കഴിഞ്ഞിരുന്നു.