അർജന്റൈൻ ആരാധകർക്ക് ദുഃഖ വാർത്ത, വരുന്ന ഫ്രണ്ട്‌ലി മത്സരങ്ങൾക്ക് സുപ്രധാനതാരം ഉണ്ടാവില്ല

ലോക ചാമ്പ്യന്മാരായ അർജന്റീന സമീപകാലത്ത് തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.കഴിഞ്ഞ കുറേക്കാലത്തിനിടെ സൗദി അറേബ്യയോട് മാത്രമാണവർ പരാജയപ്പെട്ടിട്ടുള്ളത്.വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട് പിന്നീട് ആ വേൾഡ് കപ്പ് തന്നെ അർജന്റീന നേടിയത് ഏവർക്കും ആശ്ചര്യം നൽകിയ കാര്യമായിരുന്നു.അർജന്റീന ടീമിലെ ഓരോ താരങ്ങളും അവരുടെ ഈ കിരീടനേട്ടത്തിൽ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.

വേൾഡ് കപ്പിന് ശേഷം നടന്ന രണ്ട് സൗഹൃദ മത്സരങ്ങളിലും മികച്ച വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു.വരുന്ന ജൂൺ മാസത്തിലെ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് സൗഹൃദമത്സരങ്ങളാണ് അർജന്റീനയുടെ ദേശീയ ടീം കളിക്കുക.ഒരു ഏഷ്യൻ ടൂറാണ് അർജന്റീന നടത്തുക എന്നത് നേരത്തെ തന്നെ സ്ഥിരീകരിക്കപ്പെട്ട ഒരു കാര്യമാണ്.

ബംഗ്ലാദേശിന്റെയും ചൈനയുടെയുമൊക്കെ പേരുകൾ അർജന്റീനയുടെ എതിരാളികളായി തുടക്കത്തിൽ വന്നിരുന്നുവെങ്കിലും ഇപ്പോൾ സ്ഥിതിഗതികൾ ഒക്കെ മാറിയിട്ടുണ്ട്.ഇന്തോനേഷ്യ,ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾക്കെതിരെയായിരിക്കും അർജന്റീന അടുത്ത മാസത്തെ സൗഹൃദ മത്സരം കളിക്കുക. പക്ഷേ ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം വന്നിട്ടില്ല. എതിരാളികൾ,തീയതി,വേദി എന്നിവയൊക്കെ വൈകാതെ ഒഫീഷ്യലായി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പക്ഷേ ഇതിനിടെ അർജന്റീന ദേശീയ ടീമിന് നിരാശ നൽകുന്ന ഒരു വാർത്ത പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് അവരുടെ പ്രതിരോധനിരയിലെ സൂപ്പർ താരമായ ലിസാൻഡ്രോ മാർട്ടിനസിന് ഈ സൗഹൃദ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല.പരിക്കാണ് അദ്ദേഹത്തിന് തടസ്സമായിരിക്കുന്നത്.യുണൈറ്റഡിന് വേണ്ടിയുള്ള ഈ സീസണിലെ അവസാന മത്സരങ്ങളും താരത്തിന് നഷ്ടമാവും.കൂടാതെ അർജന്റീനയുടെ മത്സരങ്ങളിലും പങ്കെടുക്കാൻ കഴിയില്ല.

അർജന്റൈൻ മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡ്യൂളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.യൂറോപ ലീഗിൽ സെവിയ്യക്കെതിരെ നടന്ന മത്സരത്തിലാണ് താരത്തിന് ഗുരുതരമായി പരിക്കേറ്റത്.അതിനുശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്താൻ ഈ പ്രതിരോധനിര താരത്തിന് കഴിഞ്ഞിട്ടില്ല.വരുന്ന ജൂലൈ മാസത്തിലെങ്കിലും അദ്ദേഹം കളിക്കളത്തിലേക്ക് മടങ്ങിയെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. താരത്തിന്റെ അഭാവം അർജന്റീന ആരാധകർക്ക് നിരാശ നൽകുന്ന ഒന്നുതന്നെയാണ്.