ലയണൽ മെസ്സി ബാഴ്സയിലേക്ക് വരുമോ എന്നതിനോട് പ്രതികരിച്ച് ഡി യോങ്ങും അരൗഹോയും |Lionel Messi

ഈ സീസണോടുകൂടി ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കുന്ന ലയണൽ മെസ്സി പിഎസ്ജിയോട് എന്നെന്നേക്കുമായി വിട പറയാൻ തീരുമാനിച്ചിട്ടുണ്ട്.ക്ലബ്ബിനകത്ത് ഒട്ടും ഹാപ്പിയല്ല മെസ്സി.പിഎസ്ജിയിൽ തന്നെ തുടരാനുള്ള സാധ്യതകൾ മുമ്പ് ഉണ്ടായിരുന്നുവെങ്കിലും പിഎസ്ജി എന്ന ക്ലബ്ബിന്റെയും അവരുടെ ആരാധകരുടെയും മോശം പെരുമാറ്റം കൂടുതൽ മെസ്സിയെ അതൃപ്തമാക്കുകയായിരുന്നു.

മെസ്സി ബാഴ്സയിലേക്ക് തിരികെ വരുന്നതുമായി ബന്ധപ്പെട്ട റൂമറുകൾ ഇപ്പോൾ വ്യാപകമാണ്.എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് മെസ്സിക്ക് ഒരു ഓഫർ നൽകുക എന്നതാണ് ഇപ്പോൾ ബാഴ്സക്ക് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം.അതിനുവേണ്ടി ബാഴ്സ ഇപ്പോൾ പരമാവധി ശ്രമിക്കുന്നുമുണ്ട്.ഓഫർ ലഭിച്ചു കഴിഞ്ഞാൽ മെസ്സി അത് സ്വീകരിച്ചുകൊണ്ട് ക്ലബ്ബിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മെസ്സി തിരികെ എത്തുമോ?ബാഴ്സ സൂപ്പർ താരമായ ഫ്രങ്കി ഡി യോങ്ങിനോട് ഈ വിഷയത്തിൽ അഭിപ്രായം തേടിയിരുന്നു.ഇതേക്കുറിച്ച് തനിക്കറിവില്ല എന്നാണ് ഡി യോങ് വ്യക്തമാക്കിയിട്ടുള്ളത്.’മെസ്സി ബാഴ്സയിലേക്ക് തിരികെ വരുമോ എന്ന കാര്യത്തിൽ എനിക്ക് യാതൊരുവിധ അറിവുകളും ഇല്ല.ഞാൻ അതിനെക്കുറിച്ച് ഒരുപാട് വായിച്ചിട്ടുണ്ട് എന്നല്ലാതെ എനിക്ക് പ്രത്യേകിച്ച് വിവരങ്ങളൊന്നുമില്ല. മെസ്സി ഒരു ഫന്റാസ്റ്റിക് താരമാണ്.അദ്ദേഹം തിരിച്ചെത്തിയാൽ അതൊരു നല്ല കാര്യമായിരിക്കും ‘ഇതാണ് ഡി യോങ് പറഞ്ഞത്.

മറ്റൊരു ബാഴ്സ സൂപ്പർതാരമായ റൊണാൾഡ് അരൗഹോയും ലിയോ മെസ്സിയുടെ തിരിച്ചു വരവിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.മെസ്സിക്ക് എപ്പോഴും ബാഴ്സയിലേക്ക് സ്വാഗതം എന്നാണ് ഇദ്ദേഹം പറഞ്ഞത്.’ലയണൽ മെസ്സി തിരികെ വരുന്നതിനെ കുറിച്ച് ഞങ്ങൾ ഡ്രസ്സിങ് റൂമിൽ വെച്ച് അധികം സംസാരിക്കാറില്ല.പക്ഷേ മെസ്സിക്ക് എപ്പോഴും ബാഴ്സയിലേക്ക് സ്വാഗതമുണ്ട് ‘അരൗഹോ പറഞ്ഞു.

ഒരുപാട് ബാഴ്സ താരങ്ങൾ ഇതിനോടകം തന്നെ മെസ്സിയുടെ തിരിച്ചുവരവിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.ബാഴ്സയിലേക്ക് തിരികെ എത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ മെസ്സി മറ്റു ക്ലബ്ബുകളെ പരിഗണിച്ചേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.യൂറോപ്പിന് പുറത്തുനിന്ന് ഇപ്പോൾ മെസ്സിക്ക് ഓഫറുകളുണ്ട്.