ലിയോ മെസ്സി ‘GOAT’ ആണെന്ന് സമ്മതിച്ച് ഡേവിഡ് ബെക്കാം, മെസ്സിയെ കുറിച്ച് ബെക്കാമിന് പറയാനുള്ളത്.. | Lionel Messi

അർജന്റീന സൂപ്പർ താരമായ ലിയോ മെസ്സിയെ സ്വന്തമാക്കിയ ഇന്റർ മിയാമി പോയന്റ് ടേബിളിൽ നിലവിലുള്ള അവസാന സ്ഥാനത്തു നിന്ന് മുകളിലോട്ട് കയറാമെന്ന് ആഗ്രഹിക്കുന്നുണ്ട്, ലിയോ മെസ്സിയുടെയും സെർജിയോ ബുസ്കറ്റ്സിന്റെയും ഉൾപ്പടെ പുതിയ താരങ്ങളുടെ വരവ് ഇന്റർ മിയാമിയെ ലീഗിലെ മികച്ച ടീമാക്കി മാറ്റും.

ലിയോ മെസ്സിയുടെ സൈനിങ്ങിന് ശേഷം സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് സംസാരിക്കുകയാണ് ക്ലബ്ബ് പ്രസിഡന്റും ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസവുമായ ഡേവിഡ് ബെക്കാം. ഫുടബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം എന്നാണ് ലിയോ മെസ്സിയെ ഡേവിഡ് ബെക്കാം വിളിച്ചത്.

“ഞങ്ങളുടെ നഗരത്തിലും ഞങ്ങളുടെ ക്ലബ്ബിലും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ എത്തി കഴിഞ്ഞു, അത് ലോകമെമ്പാടും വളരെയധികം ശ്രദ്ധ ആകർഷിച്ചു, ഞങ്ങൾ എല്ലായിപ്പോഴും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച ഒരു താരം. ലിയോയുടെ അവതരണ സമയത്ത് 3.5 ബില്യൺ കാഴ്ചക്കാർ ഉണ്ടായിരുന്നു, അത് വളരെ വലുതാണ്.” – ഡേവിഡ് ബെക്കാം പറഞ്ഞു.

മേജർ സോക്കർ ലീഗ് ക്ലബ്ബിന് വേണ്ടി സൈൻ ചെയ്തതിന് ശേഷം ലിയോ മെസ്സിയും സെർജിയോ ബുസ്കറ്റ്സും ടീമിനോടൊപ്പമുള്ള ആദ്യ പരിശീലനം ആരംഭിച്ചു. ഇന്റർ മിയാമിയുടെ അടുത്ത മത്സരത്തിൽ ഈ മുൻ ബാഴ്സലോണ താരങ്ങൾ ബൂട്ട് കെട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പാനിഷ് താരമായ ജോർഡി ആൽബ കൂടി ഇന്റർ മിയാമിയിൽ ഉടനെ സൈൻ ചെയ്യും.