ഈ രണ്ടു ക്ലബ്ബുകൾ ഇല്ലെങ്കിൽ നമ്മൾ തമ്മിലുള്ള ബന്ധം മറന്നേക്കു : ക്രിസ്റ്റ്യാനോ മെന്റസിനോട് പറഞ്ഞത്

കഴിഞ്ഞ 20 വർഷത്തോളമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏജന്റ് ആയി പ്രവർത്തിച്ചു പോരുന്ന വ്യക്തിയാണ് ജോർഗേ മെന്റസ്. ഒരു ഏജന്റ് എന്നതിനേക്കാൾ ഉപരി രണ്ടുപേരും വലിയ സൗഹൃദത്തിലുമായിരുന്നു. ലോക ഫുട്ബോളിലെ സൂപ്പർ ഏജന്റ്മാരിൽ ഒരാളാണ് ജോർഗേ മെന്റസ്.എന്നാൽ ഈയിടെ രണ്ട് പേരും തെറ്റി പിരിയുകയും ചെയ്തിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലേക്ക് എത്തിയപ്പോൾ മെൻഡസ്‌ ആയിരുന്നില്ല റൊണാൾഡോയുടെ ഏജന്റ്.മറിച്ച് റികാർഡോ റെഗുഫെയാണ്. റൊണാൾഡോയും ജോർഗേ മെൻഡസും തമ്മിൽ വഴി പിരിയാനുള്ള കാരണങ്ങൾ ഇപ്പോൾ സ്പാനിഷ് മാധ്യമമായ എൽ മുണ്ടോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റൊണാൾഡോ പിയേഴ്സ് മോർഗന് നൽകിയ ഇന്റർവ്യൂ ആയിരുന്നു കാര്യങ്ങളെല്ലാം തകിടം മറിച്ചത്. യഥാർത്ഥത്തിൽ ഈ ഇന്റർവ്യൂ മെൻഡസിന്റെ അനുവാദം ഇല്ലാതെയാണ് നടത്തിയത്. തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയതോടുകൂടി റൊണാൾഡോക്ക് ഒരു ക്ലബ്ബ് ആവശ്യമായി വന്നു. തന്റെ ഏജന്റായ ജോർഗേ മെന്റസിന് മുന്നിൽ റൊണാൾഡോ ഒരു നിബന്ധന വെച്ചു.

അതായത് ഈ ട്രാൻസ്ഫർ വിൻഡോയിൽ തനിക്ക് യൂറോപ്പിലെ വലിയ ക്ലബ്ബുകളായ ചെൽസിയിലേക്കോ ബയേണിലേക്കോ പോവണം എന്നായിരുന്നു റൊണാൾഡോയുടെ ആവശ്യം. അതിന് സാധിച്ചില്ലെങ്കിൽ നമ്മൾ തമ്മിലുള്ള ബന്ധം അവസാനിക്കുമെന്നും റൊണാൾഡോ മെന്റസിനോട് പറഞ്ഞോ. പക്ഷേ റൊണാൾഡോയെ സ്വന്തമാക്കാൻ ഈ ക്ലബ്ബുകൾക്ക് ഒന്നും താൽപര്യമില്ലായിരുന്നു. ഇതോടെ കൂടിയാണ് റൊണാൾഡോയും മെന്റസും തമ്മിലുള്ള ബന്ധത്തിന് അന്ത്യമായത് എന്നാണ് എൽ മുണ്ടോ കണ്ടെത്തിയിരിക്കുന്നത്.

പിന്നീടാണ് റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ എത്തിയത്.വലിയ സാലറിയാണ് റൊണാൾഡോക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. മാത്രമല്ല ഏജന്റിന് ലഭിച്ച വലിയ കമ്മീഷൻ റികാർഡോ റെഗുഫാണ് കൈപ്പറ്റിയിരിക്കുന്നത്. റൊണാൾഡോയും മെന്റസും തമ്മിലുള്ള ദീർഘകാല ബന്ധം അവസാനിച്ചത് പലർക്കും ഞെട്ടൽ ഉണ്ടാക്കിയ കാര്യമായിരുന്നു.