എമി മാർട്ടിനസിനെ പരിഹസിച്ച് എംബപ്പേ, അനുകരിച്ചത് ഗോൾഡൻ ഗ്ലൗ സെലിബ്രേഷൻ.

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ അർജന്റീനക്കെതിരെ ഹാട്രിക്ക് നേടിക്കൊണ്ട് ഏവരുടെയും കൈയ്യടി നേടിയ താരമാണ് ഫ്രഞ്ച് താരമായ കിലിയൻ എംബപ്പേ.പക്ഷേ അദ്ദേഹത്തിന്റെ ടീമിനെ കിരീടം നേടാൻ സാധിച്ചില്ല.പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനക്ക് മുന്നിൽ ഫ്രാൻസ് പരാജയപ്പെടുകയായിരുന്നു. എമിലിയാനോ മാർട്ടിനസായിരുന്നു പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയുടെ ഹീറോയായത്.

അതിനുശേഷം എമി മാർട്ടിനസ് ഒന്ന് രണ്ട് തവണ കിലിയൻ എംബപ്പേയെ പരിഹസിച്ചിരുന്നു. മരണപ്പെട്ടുപോയ എംബപ്പേക്ക് വേണ്ടി ഒരു മിനിറ്റ് മൗനം ആചരിക്കൂ എന്നായിരുന്നു ഡ്രസ്സിംഗ് റൂമിൽ എമി പറഞ്ഞിരുന്നത്. മാത്രമല്ല അർജന്റീനയിലെ സെലിബ്രേഷനിടെ എംബപ്പേയുടെ മുഖമുള്ള ഒരു പാവ കൊണ്ട് പലവിധത്തിലുള്ള ആംഗ്യങ്ങൾ എമി മാർട്ടിനസ് കാണിക്കുകയും ചെയ്തിരുന്നു.അതൊക്കെ വലിയ വിവാദമായിരുന്നു.

ഈയിടെ എംബപ്പേയുടെ ഒരു വീഡിയോ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് പിഎസ്ജിയുടെ സെന്ററിൽ നിന്നും കൈയ്യിൽ ഒരു അവാർഡുമായാണ് കിലിയൻ എംബപ്പേ പുറത്തേക്ക് വരുന്നത്. അതിനുശേഷം അദ്ദേഹം എമിലിയാനോ മാർട്ടിനസിന്റെ ഗോൾഡൻ ഗ്ലൗ സെലിബ്രേഷൻ അനുകരിക്കുകയാണ് ചെയ്യുന്നത്.ആ അവാർഡ് ഇരു കൈകളിലും പിടിച്ചു കൊണ്ടുള്ള ആ സെലിബ്രേഷൻ എംബപ്പേ നടത്തുന്നത് വളരെ വ്യക്തമായി വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്.

ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം എമിലിയാനോ മാർട്ടിനസായിരുന്നു സ്വന്തമാക്കിയിരുന്നത്. ആ വേദിയിൽ വെച്ച് തന്നെ ഗോൾഡൻ ഗ്ലൗ ഇരു കൈകളിലും പിടിച്ചുകൊണ്ട് ഒരു ആംഗ്യത്തിലൂടെയുള്ള സെലിബ്രേഷൻ ആയിരുന്നു അർജന്റീന ഗോൾകീപ്പർ നടത്തിയിരുന്നത്. അതാണ് എംബപ്പേ ഇപ്പോൾ ക്ലബ്ബിന്റെ സെന്ററിന് മുന്നിൽ അനുകരിച്ചിട്ടുള്ളത്.എമിയെ പരിഹസിക്കുകയാണ് എംബപ്പേ ഇതിലൂടെ ചെയ്തത് എന്നുള്ളത് വളരെ വ്യക്തമാണ്.

ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എംബപ്പേയുടെ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എംബപ്പേ ഒന്നും തന്നെ മറന്നിട്ടില്ല എന്നാണ് ചില ആരാധകർ കുറിച്ചിരിക്കുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിലെ ഗോൾ ഉൾപ്പെടെ എമിക്കെതിരെ 4 ഗോളുകൾ അന്ന് നേടാൻ എംബപ്പേക്ക് സാധിക്കുകയും ചെയ്തിരുന്നു.