കരിം ബെൻസിമ പ്രീമിയർ ലീഗിലേക്ക് എത്തുമോ? അവസരം കാത്തുനിന്ന് വമ്പൻ ക്ലബ്ബ്
നിലവിലെ ബാലൺ ഡി’ഓർ ജേതാവായ കരിം ബെൻസിമ തന്റെ 35ആം വയസ്സിലും മികച്ച പ്രകടനമാണ് നടത്തുന്നത്. പക്ഷേ ഈ സീസണിൽ പരിക്കുകൾ ബെൻസിമക്ക് വലിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് പരിക്കു മൂലം ബെൻസിമ ഈ സീസണിൽ കളിച്ചിട്ടുള്ളൂ.മാത്രമല്ല വേൾഡ് കപ്പ് അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തിരുന്നു.
ബെൻസിമയുടെ റയൽ മാഡ്രിഡുമായുള്ള കരാർ ഈ സീസണോട് കൂടി അവസാനിക്കും.ഈ കരാർ ഇതുവരെ റയൽ മാഡ്രിഡ് പുതുക്കിയിട്ടില്ല എന്നുള്ളത് മാത്രമല്ല പുതുക്കാനുള്ള ചർച്ചകൾ ഒന്നും തന്നെ ഇപ്പോൾ നടക്കുന്നില്ല. പക്ഷേ റയലിൽ തുടരാൻ കഴിയുമെന്ന് തന്നെയാണ് ഈ ഫ്രഞ്ച് താരം പ്രതീക്ഷിക്കുന്നത്.
ബെൻസിമക്ക് 35 വയസ്സായി എന്നുള്ളത് റയലിനെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യമാണ്. ബെൻസിമയെ മാറ്റി നിർത്തിയാൽ ഒരു മികച്ച സ്ട്രൈക്കറുടെ അഭാവം റയലിനെ ഇപ്പോൾ അലട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരു സ്ട്രൈക്കർക്ക് വേണ്ടി റയൽ ശ്രമങ്ങൾ നടത്തിയേക്കും. ബെൻസിമക്ക് തന്റെ സ്ഥാനം നഷ്ടമാവുമോ എന്നുള്ളത് ആ സമയത്ത് മാത്രമേ വ്യക്തമാവുകയുള്ളൂ.
Backed up by a second source https://t.co/3bjzxWjx6N
— Flappyhandski (@Faaabianskiii) December 29, 2022
അങ്ങനെ ബെൻസീമ ഫ്രീ ഏജന്റ് ആയി കൊണ്ട് ട്രാൻസ്ഫർ മാർക്കറ്റിൽ ലഭ്യമായാൽ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി ഇപ്പോൾ പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ തക്കം പാർത്ത് നിൽക്കുന്നുണ്ട്. കാറ്റലൻ മാധ്യമമായ എൽ നാഷണൽ ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ആഴ്സണൽ പരിശീലകനായ ആർട്ടെറ്റയാണ് ബെൻസിമയിൽ ഇഷ്ടം പ്രകടിപ്പിച്ചിട്ടുള്ളത്.
ബെൻസിമ റയൽ മാഡ്രിഡ് വിടുകയാണെങ്കിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ആഴ്സണൽ ഇപ്പോൾ തയ്യാറാണ്. പക്ഷേ അദ്ദേഹം റയൽ വിടുമോ ഇല്ലയോ എന്നുള്ളത് മാത്രമാണ് ഇവിടുത്തെ പ്രധാന ചോദ്യം.ഈ ലാലിഗയിൽ ആകെ 7 മത്സരങ്ങളാണ് ഫ്രഞ്ച് സൂപ്പർ താരം കളിച്ചിട്ടുള്ളത്.5 ഗോളുകളും ഒരു അസിസ്റ്റും ബെൻസിമ നേടിയിട്ടുണ്ട്.