സിദാൻ ഒരു രാജ്യത്തോടുകൂടി ❛നോ❜ പറഞ്ഞു,ഇനി രണ്ട് ക്ലബ്ബുകളുടെ ഓഫർ

റയൽ മാഡ്രിഡിന് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ നിരവധി നേട്ടങ്ങൾ സമ്മാനിച്ചിട്ടുള്ള പരിശീലകനാണ് സിനദിൻ സിദാൻ. എന്നാൽ അദ്ദേഹം നിലവിൽ ഫ്രീ ഏജന്റാണ്.ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനാവാൻ ഏറെ താല്പര്യമുള്ള വ്യക്തിയാണ് സിദാൻ. അതിനുവേണ്ടിയായിരുന്നു അദ്ദേഹം ഇത്രയും നാൾ കാത്തിരുന്നതും.

പക്ഷേ കഴിഞ്ഞ ദിവസം ഫ്രാൻസ് പരിശീലകനായ ദിദിയർ ദെഷാപ്സ്‌ കരാർ പുതുക്കുകയായിരുന്നു. 2026 വരെ അദ്ദേഹം തന്നെ ഫ്രഞ്ച് പരിശീലകസ്ഥാനത്ത് തുടരും. ഇത് യഥാർത്ഥത്തിൽ സിദാന്റെ സ്വപ്നങ്ങൾക്കാണ് തിരിച്ചടി ഏൽപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹം ഉടൻ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തും എന്നാണ് അറിയാൻ സാധിക്കുന്നത്.

യുഎസ്എ തങ്ങളുടെ പരിശീലക സ്ഥാനത്തേക്ക് ഈ ഫ്രഞ്ച് ഇതിഹാസത്തെ ക്ഷണിച്ചിരുന്നു. പക്ഷേ അത് സിദാൻ നിരസിച്ചു കഴിഞ്ഞിട്ടുണ്ട്. ലാറ്റിനമേരിക്കൻ ടീമായ ബ്രസീലിന് സിദാനെ പരിശീലകനാക്കാൻ താല്പര്യമുണ്ട്. പക്ഷേ സിദാൻ ഈ വിഷയത്തിൽ വലിയ താല്പര്യമൊന്നും പ്രകടിപ്പിച്ചിട്ടില്ല.അതേസമയം അദ്ദേഹം ക്ലബ്ബ് ഫുട്ബോളിലേക്ക് തന്നെ മടങ്ങിയെത്തും എന്നാണ് പല റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഫിഷാജസ് ചില റൂമറുകൾ പങ്കുവെച്ചിട്ടുണ്ട്. നിലവിൽ രണ്ട് ക്ലബ്ബുകൾക്ക് ഇദ്ദേഹത്തെ പരിശീലകൻ ആക്കാൻ താല്പര്യമുണ്ട്. ഇറ്റാലിയൻ ക്ലബ്ബായ യുവന്റസ്, പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം എന്നിവരാണ് ഈ പരിശീലകനിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. അടുത്ത സീസണിലേക്ക് ഇദ്ദേഹത്തെ പരിശീലകനായി ലഭിക്കുമോ എന്നുള്ളതാണ് ഇവർ അന്വേഷിച്ചിട്ടുള്ളത്.

അല്ലെഗ്രിക്ക് കീഴിൽ ഈ സീസണിൽ വലിയ മികവൊന്നും അവകാശപ്പെടാൻ യുവന്റസിന് സാധിച്ചിട്ടില്ല.അതുകൊണ്ടാണ് അവർ പരിശീലകനെ മാറ്റാൻ ഉദ്ദേശിക്കുന്നത്.അന്റോണിയോ കോന്റെയാണ് നിലവിൽ സ്പർസിന്റെ പരിശീലകൻ. ആ സ്ഥാനത്തേക്ക് സിദാൻ വരുന്നതതിനോട് അവർക്ക് താല്പര്യവുമുണ്ട്. ഏതായാലും സിദാൻ ഏത് രൂപത്തിൽ ആയിരിക്കും തീരുമാനമെടുക്കുക എന്നുള്ളത് കാത്തിരുന്ന് കാണേണ്ട ഒരു കാര്യം തന്നെയാണ്.

Comments (0)
Add Comment