മെസ്സി കളിച്ചില്ല ,യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഇന്റർ മയാമിക്ക് തോൽവി |Lionel Messi

സീസണിലെ രണ്ടാം കിരീടം നേടാമെന്ന മോഹവുമായി ഇറങ്ങിയ ഇന്റർ മയാമിക്ക് നിരാശ . യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഹൂസ്റ്റൺ ഡൈനാമോക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ തോൽവിയാണ് മയാമി ഏറ്റുവാങ്ങിയത്. സൂപ്പർ താരം ലയണൽ മെസ്സിയില്ലാത്തയാണ് മയാമി ഇന്ന് കളിക്കാനിറങ്ങിയത്.

ആദ്യ പകുതിയിലാണ് ഹൂസ്റ്റൺ രണ്ടു ഗോളുകളും നേടിയത്. ഇഞ്ചുറി ടൈമിൽ ജോസഫ് മാർട്ടിനെസ് ആണ് മയാമിയുടെആശ്വാസ ഗോൾ നേടിയത്.മെസിക്ക് പുറമെ സ്പാനിഷ് താരം ജോർഡി ആൽബയും പരിക്ക് മൂലം ഇന്റർ മയാമി നിരയിൽ ഉണ്ടായിരുന്നില്ല. മത്സരത്തിന്റെ 24 ആം മിനുട്ടിൽ തകർപ്പൻ ഗോളിലൂടെ ഡോർസി ഹൂസ്റ്റണെ മുന്നിലെത്തിച്ചു.

ബോക്സിനുള്ളിൽ നിന്നും തകർപ്പൻ ഷോട്ടിലൂടെ മയാമി ഡ്രേക്ക് കലണ്ടറിനെ മറികടന്നാണ് ഗ്രിഫിൻ ഡോർസി ഗോൾ നേടിയത്. 33 ആം മിനുട്ടിൽ അമിൻ ബാസി പെനാൽറ്റിയിൽ നേടിയ ഗോളിൽ ഹൂസ്റ്റൺ ലീഡ് ഇരട്ടിയായി.42-ാം മിനിറ്റിൽ ഇന്റർ മയാമി താരം ബെഞ്ചമിൻ ക്രെമാഷിയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ കടന്നുപോയി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഹ്യൂസ്റ്റൺ ഡൈനാമോ ആധിപത്യം പുലർത്തിയപ്പോൾ മെസ്സിയുടെ അഭാവത്തിൽ മയാമിക്ക് കാര്യമായി പിന്നും ചെയ്യാൻ സാധിച്ചില്ല. 55 ആം മിനുട്ടിൽ മയാമി താരം മാർട്ടിനെസിന്റെ ഹെഡ്ഡർ പുറത്തേക്ക് പോയി.സ്റ്റോപ്പേജ് ടൈമിൽ ജോസഫ് മാർട്ടിനെസ് ഇന്റർ മയമിക്കായി ഒരു ഗോൾ മടക്കി സ്കോർ 2 -1 ആക്കി കുറച്ചു.