മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ പിടിച്ച് ടോട്ടൻഹാം ഹോട്സ്പർ : തകർപ്പൻ ജയവുമായി ന്യൂ കാസിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ പിടിച്ച് ടോട്ടൻഹാം ഹോട്സ്പർ. ഇരു ടീമും രണ്ടു ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ ടോപ് 4 ലെ സ്ഥാനം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏതാണ്ട് ഉറപ്പിക്കാമായിരുന്നു. ആദ്യ പകുതിയിൽ രണ്ടു ഗോളിന് മുന്നിട്ട് നിന്ന യുണൈറ്റഡിനെ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ അടിച്ചാണ് ടോട്ടൻഹാം സമനിലയിൽ തളച്ചത്.

ആദ്യ പകുതിയിൽ ജാഡോൺ സാഞ്ചോയും മാർക്കസ് റാഷ്‌ഫോർഡും നേടിയ ഗോളിൽ യുണൈറ്റഡ് മുന്നിലെത്തി.എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ പെഡ്രോ പോറോയുടെയും സൺ ഹ്യൂങ്-മിന്നിന്റെയും ഗോളിൽ സ്പർസ് തിരിച്ചടിച്ചു. സമനിലയോടെ ടോട്ടൻഹാം 54 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 31 മത്സരങ്ങളിൽ നിന്നും 60 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്.54 പോയിന്റുമായി ടോട്ടൻഹാം അഞ്ചാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ ന്യൂ കേസിൽ യുണൈറ്റഡ് എവർട്ടണെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി.ഗൂഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ ന്യൂ കാസിലിനായി കാലം വിൽസൺ ഇരട്ട ഗോളുകൾ നേടി.ജോലിന്റണും ജേക്കബ് മർഫിയും ന്യൂ കാസിലിന്റെ മറ്റു ഗോളുകൾ നേടി.തോൽവിയോടെ എവെർട്ടന്റെ തരംതാഴ്ത്തൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.ന്യൂകാസിൽ 32 കളികളിൽ നിന്ന് 62 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്, 2002 ന് ശേഷമുള്ള ആദ്യ ചാമ്പ്യൻസ് ലീഗ് സ്ഥാനത്തിനുള്ള പാതയിലാണ്.എവർട്ടൺ 28 പോയിന്റുമായി 19 ആം സ്ഥാനത്താണ്.