ഇന്റർമിയാമിക് ലോട്ടറിയടിച്ചു, ഒറ്റ ദിവസം കൊണ്ട് 50 ലക്ഷത്തിലധികം ഫോളോവേഴ്സ്, ടിക്കറ്റ് നിരക്കിലും പത്തിരട്ടിയിലധികം വർദ്ധന

ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിൻ വിട്ടുപോയ അർജന്റീന സൂപ്പർ താരം ലിയോ മെസ്സി തന്റെ പുതിയ തട്ടകമായി തിരഞ്ഞെടുത്തത് അമേരിക്കയിലെ മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയാണ്. ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിന് കീഴിലുള്ള ക്ലബ്ബ്‌ നിലവിൽ മെസ്സിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന് സ്വാഗതം എന്ന് പറഞ്ഞുകൊണ്ടാണ് ഇന്റർ മിയാമി ലിയോ മെസ്സിയെ വരവേൽകുന്നത്. നിലവിൽ പോയന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് ലിയോ മെസ്സിയുടെ പുതിയ ക്ലബ്ബായ ഇന്റർ മിയാമി എങ്കിലും മെസ്സി ട്രാൻസ്ഫർ സ്ഥിരീകരിച്ചതോടെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയിരിക്കുകയാണ്.

ലിയോ മെസ്സി ട്രാൻസ്ഫർ നടന്നതിനു ശേഷം മണിക്കൂറുകൾക്കുള്ളിലാണ് ഇന്റർ മിയാമിയുടെ ഹോം, എവേ മത്സരങ്ങൾക്കുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റുപോയെന്നാണ് അറിയാൻ കഴിയുന്നത്. നേരത്തെ 30ഡോളർ മുതൽ 300ഡോളർ വരെ വിലയുണ്ടായിരുന്ന ടിക്കറ്റുകൾ ലിയോ മെസ്സിയുടെ വരവോടെ കൂടി 300ഡോളർ മുതൽ 3500ഡോളർ വരെ വിലയുള്ള ടിക്കറ്റുകളായി മാറി.

ലിയോ മെസ്സി സൈനിങ് പ്രഖ്യാപിക്കുന്നതിന് മുൻപ് ഏകദേശം ഒരു മില്യൺ മാത്രം ഇൻസ്റ്റഗ്രാമിൽ പിന്തുണക്കാരുണ്ടായിരുന്ന ഇന്റർ മിയാമി ക്ലബ്ബിന്റെ ഇൻസ്റ്റഗ്രാമിലെ നിലവിൽ പിന്തുണക്കാർ 6.4 മില്യൺ പേരാണ്. ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് ഇനിയും ഒരുപാട് കുതിച്ചുയരുമെന്ന് കാര്യം ഉറപ്പാണ്.

ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സിയുടെ മേജർ സോക്കർ ലീഗിലെ അരങ്ങേറ്റമത്സരം ഉറപ്പായിട്ടിലെങ്കിലും ജൂലൈ മാസം അവസാനത്തോട് കൂടി താരത്തിന്റെ അരങ്ങേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ലിയോ മെസ്സി തന്റെ ഒഴിവുകാലം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്.