പണമെറിഞ്ഞ് സൂപ്പർ സ്ട്രൈക്കറെ ടീമിലെത്തിക്കണം, യുണൈറ്റഡ് ഒഴിവാക്കാനൊരുങ്ങുന്നത് ഏഴുതാരങ്ങളെ!

ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്. വിവാദങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ കോൺട്രാക്ട് ഒഴിവാക്കുകയായിരുന്നു. റൊണാൾഡോയുടെ സ്ഥാനത്തേക്ക് ഒരു മികച്ച സ്ട്രൈക്കറെ എത്തിക്കാൻ യുണൈറ്റഡിന് സാധിച്ചിട്ടില്ല.വെഗോസ്റ്റിനെ സ്വന്തമാക്കിയെങ്കിലും അദ്ദേഹം ലോൺ അടിസ്ഥാനത്തിലാണ് ഇപ്പോൾ ക്ലബ്ബിലേക്ക് എത്തിയിട്ടുള്ളത്.

സ്ഥിരമായി ഒരു സൂപ്പർ സ്ട്രൈക്കറെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവശ്യമുണ്ട്. ആ സ്ഥാനത്തേക്ക് യുണൈറ്റഡ് ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് ടോട്ടെൻഹാമിന്റെ ഇംഗ്ലീഷ് സൂപ്പർ താരമായ ഹാരി കെയ്നിനെയാണ്. താരത്തെ അടുത്ത സമ്മറിൽ നിർബന്ധമായും സൈൻ ചെയ്യണമെന്നുള്ള ഒരു ഉപദേശം ഈയിടെ യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാന്റ് നൽകുകയും ചെയ്തിരുന്നു.

പക്ഷേ ഈ മിന്നും താരത്തെ ടീമിലേക്ക് എത്തിക്കുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ല. താരത്തിനു വേണ്ടി 100 മില്യൺ യൂറോ എങ്കിലും ചുരുങ്ങിയത് ലഭിക്കണം എന്ന നിലപാടാണ് സ്പർസിന് ഉള്ളത്. അതുകൊണ്ടുതന്നെ ആ പണം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് യുണൈറ്റഡുള്ളത്. നിലവിൽ ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കിക്കൊണ്ട് തന്നെ ഈ ഡീലിനുള്ള തുക കണ്ടെത്തുക എന്നുള്ളതാണ് യുണൈറ്റഡിന്റെ ലക്ഷ്യം.7 താരങ്ങളെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒഴിവാക്കാൻ യുണൈറ്റഡ് തീരുമാനിച്ചു കഴിഞ്ഞു എന്നാണ് മിറർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആദ്യമായി ഡിഫൻഡറായ ഹാരി മഗ്വയ്റാണ്.80 മില്യൺ യൂറോ ടീമിലേക്ക് എത്തിച്ച ഈ താരത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ പരിശീലകൻ ഇപ്പോൾ അദ്ദേഹത്തിന് അവസരങ്ങൾ നൽകാറില്ല. കൂടാതെ വാൻ ബിസാക്ക,ഫ്രഡ്‌,ഡോണി വാൻ ഡി ബീക്ക്,ഫിൽ ജോനസ്,സ്കോട്ട് മക്ടോമിനി,ഫക്കുണ്ടോ പെല്ലിസ്ട്രി എന്നിവരെ ഒഴിവാക്കാനാണ് യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

നേരത്തെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകാനുള്ള ഒരു ശ്രമം ഹാരി കെയ്ൻ നടത്തിയിരുന്നു. അന്ന് സ്പർസ്‌ അതിന് അനുവദിക്കാതിരിക്കുകയായിരുന്നു. ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി ആ സ്ഥാനത്തേക്ക് ഹാലന്റിനെ എത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാനുള്ള ശ്രമം കെയ്നിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കാം.