ചെൽസിയിൽ നിന്നും തോമസ് ടുഷെൽ പുറത്താക്കപ്പെട്ടത് തീർത്തും അപ്രതീക്ഷിതമായിരുന്നു. ചെൽസി പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ ടീമിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത ജർമൻ പരിശീലകൻ അതിനു ശേഷമുള്ള സീസണിൽ ടീമിനെ ടോപ് ഫോറിലെത്തിക്കുകയും ചെയ്തു. ചാമ്പ്യൻസ് ലീഗിന് പുറമെ യുവേഫ സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവയും ചെൽസിക്ക് നേടിക്കൊടുത്ത അദ്ദേഹം മൂന്നു ആഭ്യന്തര ടൂർണമെന്റുകളിൽ ടീമിന് രണ്ടാം സ്ഥാനം നേടിക്കൊടുക്കുകയും ചെയ്തിരുന്നു.
ചെൽസിയുടെ പുതിയ ഉടമയായി സ്ഥാനമേറ്റെടുത്ത ടോഡ് ബോഹ്ലിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് തോമസ് ടുഷെലിനു സ്ഥാനം നഷ്ടമായതെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ആരാധകർ പോലും ഞെട്ടിയ പുറത്താക്കലിനു ശേഷം ഇതുവരെ മറ്റൊരു ടീമിന്റെ പരിശീലകനാവാൻ അദ്ദേഹം തയ്യാറായിട്ടില്ല. നിരവധി ക്ലബുകളെയും അദ്ദേഹത്തെയും ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെയും അക്കാര്യത്തിൽ തീരുമാനമൊന്നും ആയിരുന്നില്ല.
നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം തോമസ് ടുഷെൽ കാത്തിരിക്കുന്നത് സ്പെയിനിൽ പരിശീലിപ്പിക്കാനുള്ള ഓഫർ ലഭിക്കുന്നതിനു വേണ്ടിയാണ്. ലോകഫുട്ബോളിലെ ഏറ്റവും മികച്ച രണ്ടു ക്ലബുകളായ റയലിനെയും ബാഴ്സലോണയെയും പരിശീലിപ്പിക്കാൻ അദ്ദേഹത്തിന് വളരെയധികം ആഗ്രഹമുണ്ട്. ഈ രണ്ടു ക്ലബുകളിൽ നിന്നുള്ള ഓഫർ ലഭിക്കുമോയെന്നാണ് അദ്ദേഹം ഉറ്റുനോക്കുന്നതെന്നാണ് സ്കൈ ജർമനി വെളിപ്പെടുത്തുന്നത്.
Thomas Tuchel wants to manage Real Madrid or Barcelona in the future. pic.twitter.com/Fq7B8uUSHn
— Frank Khalid OBE (@FrankKhalidUK) January 20, 2023
നിലവിൽ ബാഴ്സലോണ പരിശീലകനായ സാവി ഹെർണാണ്ടസ് ക്ലബ് വിടാനുള്ള സാധ്യത കുറവാണ്. 2021നു ശേഷം ബാഴ്സലോണക്ക് ആദ്യത്തെ കിരീടം സ്വന്തമാക്കി നൽകിയ അദ്ദേഹത്തിന് കീഴിൽ ടീം ലീഗിലും ഒന്നാം സ്ഥാനത്താണ്. അതേസമയം കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് ഇരട്ടക്കിരീടങ്ങൾ നൽകിയ കാർലോ ആൻസലോട്ടി ഈ സീസണിനപ്പുറം തുടരുമോയെന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ആൻസലോട്ടി ക്ലബ് വിടുകയാണെങ്കിൽ റയൽ മാഡ്രിഡ് ടുഷെലിനെ പരിഗണിക്കാനുള്ള സാധ്യതയുണ്ട്.