ചെൽസി സൂപ്പർതാരത്തിന് ബാഴ്സലോണ മതി, പുതിയ താരങ്ങളുടെ വരവോടെ ക്ലബ്ബ് വിടാൻ ഒരുങ്ങി ഹകിം സിയെച്

ചെൽസിയുടെ ഉടമസ്ഥാവകാശം ടോഡ് ബോഹ്‍ലി ഏറ്റെടുത്തതു മുതൽ വലിയ മാറ്റങ്ങളാണ് ക്ലബിൽ നടന്നു കൊണ്ടിരിക്കുന്നത്. ആദ്യം പരിശീലകനെ പുറത്താക്കിയ അദ്ദേഹം ഇപ്പോൾ താരങ്ങളെ വാങ്ങിക്കൂട്ടുകയാണ്. ഡ്രസിങ് റൂമിൽ താരങ്ങൾക്കുള്ള ആധിപത്യം അവസാനിപ്പിക്കുകയെന്ന ലക്ഷ്യമുള്ളതു കൊണ്ടാണ് അദ്ദേഹം പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ റെക്കോർഡ് തുകക്ക് മുഡ്രിച്ചിനെ എത്തിച്ചതടക്കം നിരവധി സൈനിംഗുകൾ ചെൽസി നടത്തിക്കഴിഞ്ഞു. അതേസമയം പുതിയ താരങ്ങൾ എത്തുന്നതിനാൽ ടീമിൽ അവസരങ്ങൾ കുറഞ്ഞ കളിക്കാർ ക്ലബ് വിടാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ഇതിൽ പ്രധാനി അയാക്‌സിൽ നിന്നും ചെൽസിയിലെത്തിയ മൊറോക്കൻ താരമായ ഹക്കിം സിയച്ചാണ്. ഈ സീസണിൽ ആകെ അഞ്ചു മത്സരങ്ങളിൽ മാത്രം ആദ്യ ഇലവനിൽ ഇറങ്ങിയ താരം ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണ്.

റിപ്പോർട്ടുകൾ പ്രകാരം സ്‌പാനിഷ്‌ ക്ലബായ ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള താൽപര്യം ഹക്കിം സിയച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ ആറു താരങ്ങളെ സ്വന്തമാക്കിയ ചെൽസിയിൽ തനിക്ക് പകരക്കാരനായി പോലും അവസരം ലഭിക്കാൻ സാധ്യതയില്ലെന്ന് താരം കരുതുന്നു. അതിനു പുറമെ മെംഫിസ് ഡീപേയ് ബാഴ്‌സലോണ വിട്ടതിനാൽ പകരക്കാരനായി ഒരു താരത്തെ തേടുന്ന ബാഴ്‌സലോണ തന്നെ പരിഗണിക്കുമെന്ന വിശ്വാസവും മൊറോക്കൻ താരത്തിനുണ്ട്.

ഖത്തർ ലോകകപ്പിൽ നാലാം സ്ഥാനത്തെത്തി ചരിത്രം സൃഷ്‌ടിച്ച മൊറോക്കൻ ടീമിലെ പ്രധാന താരമായിരുന്നു സിയച്ച്. ഇപ്പോൾ തന്നെ അവസരങ്ങൾ കുറഞ്ഞ താരത്തിന് തന്റെ അതെ പൊസിഷനിൽ കളിക്കുന്ന പിഎസ്‌വി വിങ്ങർ നോനി മദൂക്കെ കൂടിയെത്തിയതോടെ പരിഗണന കുറയുമെന്നുറപ്പാണ്. അതേസമയം ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള പദ്ധതി ബാഴ്‌സലോണക്കുള്ളതിനാൽ അവർ മൊറോക്കൻ താരത്തെ പരിഗണിക്കാൻ സാധ്യതയുണ്ട്.