ഇറ്റാലിയൻ ഇതിഹാസതാരത്തിന്റെ മക്കൾക്കും മെസ്സിയോടൊപ്പം ചിത്രമെടുക്കണം, വൈറലായി വീഡിയോ

ലോസ് ആഞ്ജലാസ് എഫ്സിക്കെതിരെ ഇന്ന് നടന്ന ഇന്റർമിയാമിയുടെ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലിയോ മെസ്സിയും സംഘവും വിജയം നേടി മടങ്ങിയത്. മത്സരത്തിൽ ആദ്യം ഗോളടിച്ച് ലീഡ് നേടി ഇന്റർമിയാമി മത്സരത്തിന് തുടക്കം കുറിച്ചപ്പോൾ രണ്ടാം പകുതിയിൽ ലിയോ മെസ്സിയുടെ രണ്ട് അസിസ്റ്റുകളിൽ നിന്നും ജോഡി ആൽബ, കമ്പാന എന്നിവർ ഇന്റർ മിയാമിയുടെ ഗോൾനേട്ടം മൂന്നായി ഉയർത്തി. അവസാനം നിമിഷം ലോസ് ആഞ്ചലസ് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും 3-1 സ്കോറിനു മിയാമി മത്സരം വിജയിച്ചു.

മത്സരത്തിനുശേഷം പ്രമുഖ ഇറ്റാലിയൻ ഫുട്ബോൾ താരമായ ജോർജിയോ ചെല്ലിനി ലിയോ മെസ്സിയോടൊപ്പം സമയം ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലുള്ളത്. അമേരിക്കൻ ക്ലബ്ബായ ലോസ് ആഞ്ചലസ് എഫ്സിയിലേക്ക് 2022ൽ യുവന്റസിൽ നിന്നും കൂടുമാറിയ ജോർജിയോ ചെല്ലിനി ലിയോ മെസ്സിക്ക് എതിരെ ഇന്ന് ബൂട്ട് കെട്ടിയിരുന്നു. ലീഗ് മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും മത്സരശേഷം ലിയോ മെസ്സിയുടെ ജഴ്സി വാങ്ങുകയും തന്റെ കുട്ടികളെ കൂട്ടി ലിയോ മെസ്സിയോടൊപ്പം ചിത്രങ്ങൾ കൂടി എടുത്തുകൊണ്ടാണ് ചെല്ലിനി മടങ്ങിയത്.

യുവന്റസിൽ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ സഹതാരമായി കളിച്ച ജോർജിയോ ചെല്ലിനി ക്രിസ്ത്യാനോ റൊണാൾഡോ ടീം വിട്ടതിനു പിന്നാലെ അടുത്ത സീസണിലാണ് യുവന്റസിനോട് നീണ്ടകാലത്തിനുശേഷം വിട പറയുന്നത്. ഇറ്റലിയുടെ യൂത്ത് ടീമുകളിലൂടെ കളിച്ചു വളർന്ന താരം ഇറ്റലിയുടെ നാഷണൽ ടീമിന് വേണ്ടിയും നിരവധി വർഷങ്ങളിലാണ് ബൂട്ട് കെട്ടിയത്.

യൂറോപ്പിൽ വെച്ച് പലതവണ ലിയോ മെസ്സിയെ നേരിട്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് അമേരിക്കയിൽ വെച്ച് ചെല്ലിനി മെസ്സിയെ പരസ്പരം നേരിടുന്നത്. മേജർ സോക്കർ ലീഗിലെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ലോസ് ആഞ്ചലസ് എഫ് സി. അതേസമയം 25 മത്സരങ്ങളിൽ നിന്നും 25 പോയിന്റ് നേടിയ ഇന്റർ മിയാമി ടേബിളിൽ 14 സ്ഥാനത്താണ് ഉള്ളത്. ലിയോ മെസ്സി വന്നതിനുശേഷം മിയാമി മിക്ക മത്സരങ്ങളിലും വിജയം നേടുന്നുണ്ട്.