കാര്യങ്ങൾ സങ്കീർണമായി,ഡി മരിയയുടെ കാര്യത്തിൽ ട്വിസ്റ്റ് ഉണ്ടായേക്കും

അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പിഎസ്ജി വിട്ടിരുന്നത്.ഫ്രീ ഏജന്റായി കൊണ്ട് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിലേക്കായിരുന്നു അദ്ദേഹം എത്തിയിരുന്നത്.ഒരു വർഷത്തെ കോൺട്രാക്ടിലായിരുന്നു ഡി മരിയ ഒപ്പു വച്ചിരുന്നത്.അതായത് ഈ വരുന്ന സീസണോട് കൂടി അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കും.

ഈ കരാർ ഇതുവരെ യുവന്റസ് പുതുക്കിയിട്ടില്ല.ഈ കരാർ പുതുക്കാൻ തന്നെയായിരുന്നു ക്ലബ്ബിന്റെ ഇതുവരെയുള്ള പദ്ധതികൾ.ഡി മരിയ ചുരുങ്ങിയത് ഒരു വർഷം കൂടി യുവന്റസിൽ തുടരും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. മോശമല്ലാത്ത രൂപത്തിൽ ഈ ഇറ്റാലിയൻ ക്ലബ്ബിനുവേണ്ടി കളിക്കാൻ അർജന്റൈൻ സൂപ്പർതാരത്തിന് കഴിഞ്ഞിട്ടുണ്ട്.

പക്ഷേ യുവേഫ യൂറോപ ലീഗിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ യുവന്റസ് പരാജയപ്പെട്ട് പുറത്തായിരുന്നു.സ്പാനിഷ് ക്ലബ്ബായ സെവിയ്യയായിരുന്നു യുവന്റസിനെ യൂറോപ്പാ ലീഗിൽ നിന്നും പുറത്താക്കിയത്.ഇതോടുകൂടി കാര്യങ്ങൾ സങ്കീർണ്ണമാവുകയായിരുന്നു.തങ്ങളുടെ പ്ലാനുകളിൽ യുവന്റസ് മാറ്റം വരുത്തിയതായാണ് അറിയാൻ സാധിക്കുന്നത്.ഡി മരിയയുടെ കാര്യത്തിലും യുവന്റസ് തീരുമാനം മാറ്റിയിട്ടുണ്ട് എന്നാണ് സ്‌കൈ സ്പോർട് ഇറ്റാലിയ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കരാർ പുതുക്കാനുള്ള ചർച്ചകൾ പുരോഗമിച്ചു വരുന്നതിനിടെയാണ് യുവന്റസ് യൂറോപ്പയിൽ നിന്നും പുറത്താവുന്നത്.ഇതോടുകൂടി ഈ ചർച്ചകൾ നിലച്ചിട്ടുണ്ട്.ഇനി ഈ കരാർ പുതുക്കാൻ സാധ്യത കുറവാണ് എന്ന് തന്നെയാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.അങ്ങനെയാണ് എന്നുണ്ടെങ്കിൽ ഈ അർജന്റീന താരത്തിന് ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടേണ്ടി വരും.മറ്റേതെങ്കിലും പുതിയ ക്ലബ്ബിലേക്ക് ചേക്കേറേണ്ടി വരും.

അടുത്ത വർഷം കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നതിനാൽ യൂറോപ്പിൽ തന്നെ തുടരുക എന്നതിനാണ് ഡി മരിയ മുൻഗണന നൽകുന്നത്.ചുരുങ്ങിയത് ഒരു വർഷമെങ്കിലും യൂറോപ്പിലെ ഏതെങ്കിലും ക്ലബ്ബിൽ തുടരാൻ ഡി മരിയ ശ്രമിക്കും.കോപ്പ അമേരിക്കക്ക് ശേഷം അദ്ദേഹം തന്റെ ജന്മനാടായ അർജന്റീനയിലേക്ക് തന്നെ മടങ്ങാനാണ് സാധ്യത.റൊസാരിയോ സെൻട്രലിൽ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം ഈ താരം തന്നെ തുറന്നു പറഞ്ഞിരുന്നു.