ലയണൽ മെസ്സി വരാൻ വേണ്ടിയാണ് ബുസ്കറ്റ്സ് ടീം വിടുന്നതെന്ന വാർത്തയിൽ പ്രതികരണവുമായി സൂപ്പർതാരം.

എഫ്സി ബാഴ്സലോനയുടെ സുവർണ്ണ കാലഘട്ടത്തിൽ സാക്ഷാൽ പെപ് ഗാർഡിയോളക്ക് കീഴിൽ ഒരുമിച്ച് പന്ത് തട്ടി ക്ലബ്‌ ഫുട്ബോളിലെ നിരവധി നേട്ടങ്ങൾ ഒരുമിച്ച് നേടിയ താരങ്ങളാണ് ലിയോ മെസ്സിയും സെർജിയോ ബുസ്കറ്റ്സ് എന്നിവർ.

ഒന്നര പതിറ്റാണ്ട് കാലത്തോളം തന്റെ സ്വപ്ന ക്ലബ്ബിൽ പന്ത് തട്ടി ലിയോ മെസ്സി ബാഴ്സലോനയോട് വിട പറഞ്ഞപ്പോൾ അടുത്ത സുഹൃത്തായ സെർജിയോ ബസ്കറ്റ്സിന് ഏറെ സങ്കടമുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ ബാഴ്സലോനയോട് വിട പറയാൻ ഒരുങ്ങുകയാണ് സ്പാനിഷ് മിഡ്‌ഫീൽഡർ. അടുത്ത ക്ലബ്‌ ഏതാകുമെന്ന തരത്തിൽ എംഎൽഎസ്, സൗദി ക്ലബായ അൽ ഹിലാൽ എന്നിവയുമായി ബന്ധപ്പെട്ട് കൊണ്ട് റൂമറുകൾ വരുന്നുണ്ട്.

അതേസമയം ഈ സീസൺ കഴിയുന്നതോടെ പിഎസ്ജി വിടുന്ന ലിയോ മെസ്സിയും ഈ രണ്ട് ക്ലബ്ബുകളുമായി ട്രാൻസ്ഫർ റൂമറിൽ ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. അതിനാൽ തന്നെ ബുസ്കറ്റ്സിന്റെ ഭാവി ക്ലബ്‌ മെസ്സിയുടെ കൂടി ഭാവിയെ നിർണ്ണയിക്കുമോയെന്ന് ആരാധകർക്കിടയിൽ സംശയമുണ്ട്.

ഈ സംശയങ്ങൾക്കെല്ലാം മറുപടി നൽകികൊണ്ട് രംഗത്ത് വന്നിരുക്കുകയാണ് സ്പാനിഷ് താരം. ലിയോ മെസ്സി ഏറ്റവും മികച്ച താരമാണെന്ന് വാഴ്ത്തിയ ബുസ് കറ്റ്സ് ചോദ്യങ്ങൾക്ക് ഉത്തരം നൽകി.”എന്റെ ഭാവി ലിയോ മെസ്സിയുമായോ മറ്റോ ഒരു കാര്യവുമായും ബന്ധപ്പെട്ടിട്ടില്ല. ഓരോരുത്തരും അവരവരുടെ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കണം, ഓരോരുത്തർക്കും അവരുടേതായ ജീവിതമുണ്ട്, അവന്റെ ഉദ്ദേശ്യങ്ങൾ, അവന്റെ കുടുംബം തുടങ്ങിയവയെല്ലാമുണ്ട്.”

“തീർച്ചയായും ഞങ്ങൾ എല്ലാവരും ലിയോയുമായി ഒത്തുചേരാനും കളിക്കാനും ആഗ്രഹിക്കുന്നു, കാരണം അവൻ ലോകത്തിലെ ഏറ്റവും മികച്ചവനാണ്. പക്ഷെ എന്റെ ഭാവി മെസ്സിയുമായി ബന്ധപ്പെട്ടിട്ടില്ല.” – സെർജിയോ ബുസ്കറ്റ്സ് പറഞ്ഞു.എഫ്സി ബാഴ്സലോനയെ സീസണിലെ ലീഗ് കിരീടം ചൂടിച്ചുകൊണ്ടാണ് സെർജിയോ പടിയിറങ്ങുന്നത്. അതേസമയം ലിയോ മെസ്സി ബാഴ്സലോനയിലേക്ക് തിരികെയെത്തുമെന്നും റൂമറുകളുണ്ട്.